ചെറുകുന്ന് ഗവ. ഹൈസ്‌കൂള്‍ മൈതാനം കാട്കയറി നശിക്കുന്നു

ചെറുകുന്ന്: അധികൃതരുടെ അനാസ്ഥയില്‍ നശിക്കുന്നത് ചെറുകുന്ന്-കണ്ണപുരം പ്രദേശത്തെ കായികപ്രതിഭകള്‍. കോടികള്‍മുടക്കി നവീകരിച്ച ചെറുകുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനമാണ് അതികൃതരുടെ അനാസ്ഥയില്‍ കാടുകയറി നശിക്കുന്നത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ ഒരുകാലത്ത് ഫുട്ബാള്‍ കളിക്കാരുടെയിടയില്‍ അറിയപ്പെടുന്ന മൈതാനമാണ് ചെറുകുന്ന് ഹൈസ്‌കൂള്‍ മൈതാനം. കേരളത്തിലെതന്നെ ഏറ്റവും പേരുകേട്ട പുല്‍മൈതാനമാണിത്. ഈ മൈതാനത്താണ് സെവന്‍സ് ഫുട്‌ബോള്‍ രംഗത്ത് ശ്രദ്ധേയമായ കെ.കരുണാകരന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നത്. കണ്ണപുരം ബ്രദേഴ്‌സ് ക്ലബ്ബിന്റെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രമായിരുന്നു ഈ മൈതാനം. കണ്ണപുരം സെലക്ടഡ് ക്ലബ്ബും ഒരുകാലത്ത് ഫുട്‌ബോള്‍ കളിക്കാരെ വാര്‍ത്തെടുത്തതും ഇവിടെനിന്നായിരുന്നു. മാടായി ഉപജില്ലാ സ്‌കൂള്‍ കായികമേള നിരവധി തവണ നടന്നതും ഈ മൈതാനത്താണ്. ഐ.എം.വിജയന്‍, മുഹമ്മദ് റാഫി, എം.സുരേഷ്, ജോപോള്‍ അഞ്ചേരി, പാപ്പച്ചന്‍, അന്തരിച്ച വി.പി.സത്യന്‍, കെ.ബിനീഷ് തുടങ്ങി ദേശീയ, അന്തര്‍ദേശീയ ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ടണിഞ്ഞ ചെറുകുന്നിലെ മൈതാനത്തിന്റെ ഇന്നത്തെ കാഴ്ച ഏറെ പരിതാപകരമാണ്. കാടുപിടിച്ചുകിടക്കുകയും കുട്ടികള്‍ക്ക് കായികമായി ഒരുതരത്തിലും ഉപയോഗിക്കാന്‍ പറ്റാത്തവിധത്തിലും നശിച്ചിരിക്കുകയാണ് ഈ മൈതാനം. മൈതാനത്തിന്റെ നവീകരണത്തിന്റെ ഭാഗമായി ഒരുകോടി 65 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സ്റ്റേഡിയത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. 2016 ഫിബ്രവരി 29-ന് ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്ന് പരാതിയുണ്ടായിരുന്നു. സ്റ്റേഡിയം നിര്‍മിക്കുമ്പോള്‍ മൈതാനത്തിന്റെ പ്രവൃത്തി നടത്തിയില്ല. വിവിധ ഘട്ടങ്ങളില്‍ മൈതാനം മണ്ണിട്ട് ഉയര്‍ത്തിയെങ്കിലും അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനം മൈതാനത്തിന്റെ ഗുണനിലവാരംതന്നെ ഇല്ലാതാക്കി. കായികപ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ ഈ മൈതാനം നന്നാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ സമയങ്ങളിലും പരിശീലനം നല്‍കാന്‍ സാധിക്കുന്ന മൈതാനമായി ചെറുകുന്നിലെ ഈ മൈതാനത്തെ വീണ്ടെടുക്കണം. അതിന് മൈതാനം നവീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്. കാടുപിടിച്ചുകിടക്കുന്ന ഈ മൈതാനം വൃത്തിയാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കല്യാശ്ശേരി ബ്ലോക്ക് ഗ്രാമവികസന സമിതി ആവശ്യപ്പെട്ടു. ചെറുകുന്ന്-കണ്ണപുരം മേഖലകളിലെ പുതിയ കായികതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ മൈതാന നവീകരണം അത്യാവശ്യമാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: