ഈ റോഡിനെ എന്തിനാണ് അവഗണിക്കുന്നത്?
കണിച്ചാര്‍: പഞ്ചായത്ത് രൂപവത്കരിക്കുന്നതിന് മുന്‍പുള്ള റോഡിന് ഇന്നും ശാപമോക്ഷമില്ല. കണിച്ചാര്‍ പഞ്ചായത്തിലെ നാലാംവാര്‍ഡിലാണ് ഈ റോഡുള്ളത്. 1963-ലാണ് കണിച്ചാര്‍ ഗ്രാമപ്പഞ്ചായത്ത് രൂപവത്കരിച്ചത്. എന്നാല്‍ ഇതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള റോഡാണിത്. കുടിയേറ്റം തുടങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഈ റോഡ് നിര്‍മിച്ചതാണ്.
കണിച്ചാര്‍ സ്വദേശിയായിരുന്ന മുഞ്ഞനാട്ട് വര്‍ക്കി പൂവത്തിന്ചോലയിലുള്ള സ്വന്തം സ്ഥലത്തേക്ക് പോകുന്നതിന് നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മിച്ച റോഡാണിത്. പഞ്ചായത്ത് രൂപവത്കരിച്ചപ്പോള്‍ പഞ്ചായത്തില്‍ ലയിപ്പിക്കുകയും ചെയ്തിരുന്നു. കണിച്ചാര്‍ പഞ്ചായത്തിനെയും കേളകം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിന് ഇപ്പോഴും അവഗണനയാണ്.
പടിഞ്ഞാറെ വെള്ളൂന്നി ദേശവാസികള്‍ക്ക് കണിച്ചാറിലും കേളകത്തും എത്തിപ്പെടാന്‍ ഏറ്റവും എളുപ്പമുള്ള റോഡാണിത്. പഞ്ചായത്തിന്റെ അപ്രധാനമായ പല റോഡുകളും പണിതീര്‍ത്തിട്ടും ഈ റോഡിനെ അവഗണിക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.