ആറളം ഫാമില്‍ പുതിയ ഏഴ് പദ്ധതികള്‍: മന്ത്രി എ കെ ശശീന്ദ്രന്‍

ആറളം ഫാമിലുള്ളവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പുതിയ ഏഴ് പദ്ധതികള്‍ ആരംഭിക്കുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ആറളത്ത് ആരംഭിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കൂണ്‍ കൃഷി, ഇഞ്ചി ഗാര്‍ഡന്‍, സുഗന്ധവിള എണ്ണക്കുരു കൃഷി, ഹൈടെക് തേനീച്ച കൃഷി, പാക്കിങ്ങ് യൂണിറ്റ്, ഇഞ്ചി പുല്‍ കൃഷി, ഹൈടെക് നേഴ്‌സറി എന്നിവയാണ് ആരംഭിക്കുന്നത്. ഇതിലൂടെ ഫാമിന്റെ വരുമാനം വര്‍ധിക്കും. ആ വരുമാനം ഉപയോഗിച്ച് ഫാം നിവാസികളുടെ ജീവിതം മെച്ചപ്പെടുത്താനാകും. ഇതിനായി പട്ടിക വര്‍ഗ വികസന വകുപ്പ് 2,69,02,000 രൂപ അനുവദിച്ചിട്ടുണ്ട്.
മലയോര ജനതയെ സംരക്ഷിക്കാന്‍ കരുത്തുള്ള സര്‍ക്കാരാണ് ഇവിടെയുള്ളത്. കര്‍ഷകരുടെ താല്‍പ്പര്യത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന ജനവിരുദ്ധ സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണം. മികച്ച പദ്ധതികള്‍ പോലും കപട പരിസ്ഥിതി വാദികള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മരം മുറിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. അത് പരിഹരിക്കാന്‍ പൊതു ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള നാലിലധികം കാര്യങ്ങള്‍ക്ക് മരം മുറിക്കാന്‍ പൊതു മാനദണ്ഡം ഉണ്ടാക്കും. അത് സംബന്ധിച്ച് ഉത്തരവ് ഇറക്കി മരം മുറിക്കാനും വെച്ച് പിടിപ്പിക്കാനുമുള്ള അവകാശം സംരക്ഷിക്കും.
നേരത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരെക്കുറിച്ച് പരാതി ഉണ്ടായിരുന്നു. അതില്‍ ഒരു പാട് മാറ്റം വന്നിട്ടുണ്ട്. നല്ലനിലയില്‍ പ്രവര്‍ത്തിച്ചാല്‍ ഉദ്യോഗസ്ഥരെ ജനങ്ങള്‍ പൂമാലയിട്ട് സ്വീകരിക്കും. അത്തരക്കാര്‍ക്ക് മാത്രമെ ജനങ്ങളുടെ മനസില്‍ ഇടമുണ്ടാകൂ. പട്ടിക വര്‍ഗക്കാരില്‍ നിന്നും 500 പേരെ തെരഞ്ഞെടുത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരാക്കിയ സര്‍ക്കാരാണിത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് അത്തരമൊരു നടപടി ഉണ്ടായത്. ഈ മാതൃകയില്‍ വരും വര്‍ഷങ്ങളിലും പട്ടികജാതി വിഭാഗത്തെ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.