ആന പ്രതിരോധ മതില്‍ നിര്‍മ്മാണത്തിന് തുടക്കം

സര്‍ക്കാര്‍ ആദിവാസി ജനവിഭാഗങ്ങള്‍ക്കൊപ്പം: മന്ത്രി കെ രാധാകൃഷ്ണന്‍
ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ഇക്കാര്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ആദിവാസി സമൂഹം തയ്യാറാകണമെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസന ക്ഷേമ-ദേവസ്വം- പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ആറളം ഫാം ആന പ്രതിരോധ മതില്‍ നിര്‍മ്മാണ പ്രവൃത്തി വളയഞ്ചാലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2026 ഓടെ ആദിവാസി സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ആദിവാസി ഭൂമിപ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കും. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്ലാത്ത 1264 ആദിവാസി കേന്ദ്രങ്ങളില്‍ 1084 ഇടത്ത് കണക്റ്റിവിറ്റി ലഭ്യമാക്കാന്‍ കഴിഞ്ഞു. ഡിസംബറോടെ മുഴുവന്‍ ആദിവാസി മേഖലയിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ആറളം ഫാമിലെ ആദിവാസി പുനരധിവാസ പദ്ധതിയും ഫാമിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമാക്കാന്‍ കഴിയണം. ലോകത്തിലെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള കശുവണ്ടിയാണ് ആറളത്തേത്. പക്ഷെ സാധ്യതയ്ക്കനുസരിച്ച് വിളവെടുക്കാനും കശുമാവിന്‍ തോട്ടം സംരക്ഷിക്കാനും കഴിയുന്നുണ്ടോ എന്നത് പരിശോധിക്കണം. ഫാമിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയണം. ആന മതില്‍ പൂര്‍ത്തിയാവുന്നതോടെ ഫാമിനെ സ്വയംപര്യാപ്തതയിലെത്തിക്കണം. ഒരു ജനതയുടെ ചിരകാല സ്വപ്ന സാക്ഷാത്കാരമാണ് ആന മതില്‍ നിര്‍മ്മാണത്തിലൂടെ സാധ്യമാവുന്നത്.കൃഷിയും മനുഷ്യ ജീവനും സംരക്ഷിക്കുന്നതിനാണ് 53.234 കോടി രൂപ ചെലവില്‍ ആന മതില്‍ നിര്‍മ്മിക്കുന്നത്. നിരവധി തടസ്സങ്ങള്‍ ഇച്ഛാശക്തിയിലൂടെ മറികടന്നാണ് മതില്‍ നിര്‍മ്മാണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലും സഹായകമായി.- മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ആന മതിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് നേരിട്ട് വിലയിരുത്തുമെന്നും മതില്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആറളം ഫാമിലുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് പുതുതായി ഏഴ് പദ്ധതികള്‍ ആരംഭിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. പി ഡബ്ല്യൂ ഡി നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിoഗ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വളയഞ്ചാല്‍ ഫോറസ്റ്റ് ഓഫീസ് പരിസരത്ത് നിന്നും തുടങ്ങി പരിപ്പ് തോട് 55 എന്ന സ്ഥലം വരെ 10.50 കി.മീറ്റര്‍ നീളത്തിലാണ് മതില്‍ നിര്‍മ്മിക്കുന്നത്.ഇതില്‍ 9.75 കി.മീറ്ററില്‍ കോണ്‍ക്രീറ്റ് തൂണുകളും കരിങ്കല്‍ ഭിത്തിയും തിരശ്ചീനമായി കോണ്‍ക്രീറ്റ് ബെല്‍ട്ടും ചേരുന്ന സംയുക്ത നിര്‍മ്മിതിയാണ് ഉണ്ടാവുക. ബാക്കി വരുന്ന 550 മീറ്റര്‍ ചെങ്കുത്തായ പ്രദേശത്ത് റെയില്‍ ഇരുമ്പ് വേലിയും ഇരുന്നൂറ് മീറ്റര്‍ ചതുപ്പ് പ്രദേശത്ത് കോക്കനട്ട് പൈലിംഗ് നടത്തി മതില്‍ നിര്‍മ്മാണവും നടത്തും. 2.50 മീറ്ററാണ് മതിലിന്റെ ഉയരം. ആദ്യത്തെ 5.07 കി മീ ഭാഗത്ത് നിലവിലുള്ള 1.8 മീറ്റര്‍ ഉയരമുള്ള കരിങ്കല്‍ മതില്‍ ആന പ്രതിരോധത്തിന് അപര്യാപ്തമായതിനാല്‍ പൊളിച്ച് പുനര്‍നിര്‍മ്മിക്കും. കൂപ്പ് റോഡും ആനകളെ കാട്ടിലേക്ക് തുരത്താന്‍ കോട്ടപ്പാറ ഭാഗത്ത് ഗേറ്റും നിര്‍മ്മിക്കും.
വി ശിവദാസന്‍ എം പി, അഡ്വ.സണ്ണി ജോസഫ് എം എല്‍ എ എന്നിവര്‍ വിശിഷ്ട സാന്നിദ്ധ്യമായി. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കാര്‍ത്തിക്,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്, കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ്, കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് ആന്റണി സെബാസ്റ്റ്യന്‍ പ്രസിഡണ്ട് ,മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം വി ശോഭ, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ കൃഷ്ണപ്രകാശ്, ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ എസ് സന്തോഷ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.