പാലകുളങ്ങരയിലെ ഇ.പി.നാരായണ പെരുവണ്ണാനെ ആദരിച്ചു

തളിപ്പറമ്പ:
കീഴാറ്റൂർ വെച്ചിയോട്ട് കാവിൽ തുടർച്ചയായി 50 വർഷം ബാലിത്തെയ്യം കെട്ടിയാടി തെയ്യാട്ട ചരിത്രത്തിലെ വിസ്മയമായ പാലകുളങ്ങരയിലെ ഇ.പി.നാരായണ പെരുവണ്ണാന് തെയ്യം ആസ്വാദകരുടെയും സുഹൃത്തുക്കളുടെയും ആദരം.
പെരുവണ്ണാന്റെ പിറന്നാൾ ദിനത്തിലാണ് ഇവർ ഒത്തുചേർന്നത്.
ആദര സൂചകമായും പിറന്നാൾ സമ്മാനമായും പ്രശസ്ത ശില്പി ഷൈജു വത്സൻ കണിയാൽ സമർപ്പിച്ചത് ബാലിത്തെയ്യത്തിന്റെ ജീവൻ തുടിക്കുന്ന ശില്പം.
പ്രശസ്ത എഴുത്തുകാരനും “കതിവനൂർ വീരൻ ദൈവവും കനലാടിയും ” എന്ന നോവലിന്റെ രചയിതാവുമായ കെ.വി.മുരളിമോഹൻ ആദര ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് അധ്യക്ഷനായി.
കണിച്ചാമൽ നാരായണ പെരുവണ്ണാൻ, ചവനപ്പുഴ രതീശൻ പെരുവണ്ണാൻ, വേണു പെരുവണ്ണാൻ നരിക്കോട്, കീഴാറ്റൂർ വെച്ചിയോട്ട് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കിഴക്കീൽ സരീഷ്, എൻ.വി. പ്രേമരാജൻ, പ്രേമരാജൻ ചെപ്പനൂൽ, ഗോപി മോഹൻ, ആമേരി രാജൻ, പവിത്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
ചടങ്ങിനോടനുബന്ധിച്ച് ശില്പി ഷൈജു വത്സനെ മുരളിമോഹൻ പൊന്നാടയണിയിച്ചു.
കേരള ആംഡ് പോലീസ് ഇൻസ്പെക്ടർ ഹരിപ്രസാദ് എം.കെ.യും
നാരായണ പെരുവണ്ണാന്റെ കുടുംബാംഗങ്ങളും സംബന്ധിച്ചു.
പി.ടി. ഗോകുല ചന്ദ്രൻ സ്വാഗതവും ഇ.പി. ശാരദ നന്ദിയും പറഞ്ഞു.