തളിപ്പറമ്പില്‍ പോലീസിനെ വെട്ടിച്ചുകടന്ന മാലക്കള്ളന്‍ അറസ്റ്റിൽ.

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസിനെ വെട്ടിച്ച് കടന്ന മാലമോഷ്ടാവ് കൊച്ചിയില്‍ പിടിയിലായി. തലശേരി മൊകേരിയിലെ ചാലില്‍ വീട്ടില്‍ ഫാസിലി(32)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ 20 ന് തളിപ്പറമ്പിന് സമീപത്തെ മൂന്നു വ്യത്യസ്ഥ സ്ഥലങ്ങളില്‍ സ്‌കൂട്ടിയിലെത്തി മൂന്ന് സ്ത്രീകളുടെ സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തിലെ പ്രതിയാണ് ഇയാള്‍.
മറ്റൊരു കേസിലാണ് ഇയാള്‍ എറണാകുളത്ത് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ സപ്തംബര്‍ 17 നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. 20 ന് ശനിയാഴ്ച്ച വൈകുന്നേരം 3 സ്ഥലങ്ങളിലായി ഒരു മണിക്കൂറിനിടയില്‍ നടന്ന കവര്‍ച്ചയില്‍ എട്ടേകാല്‍ പവനോളം സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. വൈകിട്ട് 4.30 ഓടെ ചെപ്പനൂലിലെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഇ. ശാന്തയുടെ മുന്നേകാല്‍ പവന്‍ മാല വടക്കാഞ്ചേരി അടുക്കത്ത് വച്ചാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ വ്യക്തത കൈവരുന്നതിനിടയിലാണ് 5 മണിയോടെ തൃച്ചംബരം മുയ്യം റോഡില്‍ നടക്കാനിറങ്ങിയ ഉമാ നാരായണന്‍ എന്നവരുടെ മൂന്നു പവന്‍ മാല പാലകുളങ്ങര ശാസ്താ റോഡില്‍ വെച്ചും വീടുപണി നടക്കുന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന എം. ജയമാലിനിയുടെ രണ്ട് പവന്‍ മാല 5.20 ഓടെ കീഴാറ്റൂരില്‍ വച്ചും സമാന രീതിയില്‍ പൊട്ടിച്ചുകൊണ്ടുപോയത്. ഇന്നലെ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തളിപ്പറമ്പിലേക്ക് കൊണ്ടുവരുമെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പിടികൂടാനായി ഇവിടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: