ആറളം ഫാമിലെ കാട്ടാനശല്യം മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കണം

ഇരിട്ടി: ആറളം ഫാമിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് എംഎൽഎ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയതായും എം എൽ എ പറഞ്ഞു.
പുനരധിവാസ മേഖലയിൽ ആന മതിൽ തന്നെയാണ് ശ്വാശത പരിഹാരം. നിരവധി തവണയാണ് ഇവിടുത്തെ വന്യമൃഗ ശല്യത്തെ കുറിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. എന്നാൽ ആരും തന്നെ ഇതിന് ശാശ്വത പരിഹാരം കാണുവാനുള്ള യാതൊരു ശ്രമവും നടത്തുന്നില്ല. ആറളം ഫാമിൽ മൂന്ന് മന്ത്രിമാർ ഉൾപ്പെടെ എത്തി നടത്തിയ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പോലും നടപ്പിലാക്കാൻ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തീർത്തും ഭീതിജനകമായ അന്തരീക്ഷത്തിലാണ് ആറളം ഫാം പുനരധിവാസ മേഖലയിൽ മൂവായിരത്തിലേറെ വരുന്ന ആദിവാസി സമൂഹം ഇവിടെ ജീവിക്കുന്നത്. നിരന്തരമുള്ള കാട്ടാന ശല്യം തടയാൻ ആറളം വന്യജീവി സങ്കേതം അതിരിടുന്ന പ്രദേശത്ത് ബലമുള്ള ആന മതിൽ തന്നെയാണ് ശാശ്വത പരിഹാരം. യുദ്ധകാല അടിസ്ഥാനത്തിൽ ഇത് നിർമ്മിക്കണമെന്നും എംഎൽഎ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിയമസഭയിൽ അവതരിപ്പിച്ച വന്യമൃഗ ശല്യത്തെ കുറിച്ച് എം എൽ എ നടത്തിയ പ്രസംഗം കേൾപ്പിച്ചു കൊണ്ടായിരുന്നു പത്രസമ്മേളനം തുടങ്ങിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: