കണ്ണൂരിൽ റോഡ് സുരക്ഷ ശക്തമാക്കും

കണ്ണൂർ: ജില്ലയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാവികസന സമിതി യോഗം ആവശ്യപ്പെട്ടു. റോഡപകടങ്ങൾ കുറക്കുന്നതിന് ലൈറ്റ്, സിഗ്നൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് കലക്ടർ ടി വി സുഭാഷ് നിർദേശിച്ചു. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭൂമി ഏറ്റെടുക്കുന്നതിനായി 337 കോടി രൂപയും റോഡ് വികസനത്തിന് 401 കോടി രൂപയുമാണ് അനുവദിച്ചത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്‌ സൗത്ത് ബസാറിൽ ഫ്‌ളൈ ഓവർ, മേലെ ചൊവ്വയിൽ അടിപ്പാത എന്നിവ നിർമിക്കുന്നതിനുള്ള പ്രവൃത്തികൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതിന്റെ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നിർദേശിച്ചു.
എംഎൽഎ-, എംപി ഫണ്ട് പ്രവൃത്തികൾ പൂർത്തിയാക്കുന്നതിലും പണം നൽകുന്നതിലും കാലതാമസം നേരിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് കെ സി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. തേർമല, ശ്രീകണ്ഠപുരം ഭാഗങ്ങളിൽ ക്വാറികളിൽനിന്ന് ഒഴുക്കിവിടുന്ന മലിനജലം പരിസരത്തെ വീടുകളിലെ കിണറുകളിൽ എത്തുന്നുവെന്ന പരാതിയിൽ മലിനജലം ഡ്രെയിനേജ് ചാനലിലൂടെ ഒഴുക്കിവിടാൻ ക്വാറി ഉടമകൾക്ക് നിർദേശം നൽകിയതായി മൈനിങ്‌ ആൻഡ്‌ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. ചക്ലിയ പട്ടികജാതി കോളനി വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഏജൻസിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്‌ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഏറ്റെടുത്ത പ്രവൃത്തിയിൽ ഏജൻസികൾ കാലതാമസം വരുത്തുന്ന പക്ഷം അവരെ മാറ്റി പകരം ഏജൻസിയെ ഏൽപിക്കണമെന്ന് സി കൃഷ്ണൻ എംഎൽഎ ഉന്നയിച്ച വിഷയത്തിൽ കലക്ടർ നിർദേശം നൽകി.
കിഫ്ബി റോഡ് നിർമാണത്തിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ മാറ്റുന്നതിനുള്ള തുക സംബന്ധിച്ച് കലക്ടറുടെ അധ്യക്ഷതയിൽ വാട്ടർ അതോറിറ്റി, പിഡബ്ല്യുഡി വകുപ്പുകളുടെ യോഗം വിളിച്ചുചേർക്കാനും കുടിവെള്ള പൈപ്പ് പൊട്ടിയാൽ ഉടൻ പരിഹാരം കാണുന്നതിനായി കലക്ടർ ചെയർമാനായുള്ള ജില്ലാതല എംപവർ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. കണ്ണൂർ –- -പഴയങ്ങാടി –- -പയ്യന്നൂർ റൂട്ടിൽ കെഎസ്ആർടിസി ബസ്സുകൾ സർവീസ് വെട്ടിക്കുറക്കുന്നതായി പരാതി ഉയർന്നു. ആവശ്യത്തിന് ഓർഡിനറി ബസ്സുകൾ ഇല്ലാത്തതാണ് കാരണമെന്ന് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ മാനേജർ അറിയിച്ചു. നിലവിൽ മൂന്ന് വീതം സർവീസുകൾ ഈ റൂട്ടിൽ പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓർഡിനറി ബസ്സുകൾ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ സർവീസുകൾ അനുവദിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: