ജില്ലയിൽഅധ്യാപക തസ്തികകൾ ഒഴിഞ്ഞു തന്നെ; നിയമനം നടത്താതെ വിദ്യാഭ്യാസ വകുപ്പ്

കണ്ണൂർ: ജില്ലയിൽ അധ്യാപക നിയമനം നടത്താതെ വിദ്യാഭ്യാസ വകുപ്പ്. യുപി സ്കൂൾ തലത്തിലാണ് ഈ ദുര്യോഗം. നിയമനം സംബന്ധിച്ച് ഈ വർഷം മാർച്ച് 31നു ശേഷമുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ അധികൃതർ തയാറായിട്ടില്ലെന്നാണ് പരാതി. ഇതേ തുടർന്നു ജില്ലയിലെ മിക്ക സ്കൂളുകളിലും താൽക്കാലിക അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചാണു അധ്യയനം നടത്തുന്നത്. താൽക്കാലിക അധ്യാപകരെ കിട്ടാത്തതിനാൽ അധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുന്ന സ്കൂളുകളുമുണ്ട്. പൊതുവിദ്യാലയ സംരക്ഷണത്തിനു സർക്കാർ പദ്ധതികൾ നടപ്പാക്കുമ്പോഴാണു ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത അനാസ്ഥ. പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയെ തുടർന്നു വിദ്യാർഥികൾ വർധിച്ചതിനാൽ ഡിവിഷൻ വർധനവും ഉണ്ടായിട്ടുണ്ട്. അധ്യാപക നിയമനത്തിനു സർക്കാർ ആവിഷ്കരിച്ച സമന്വയ സോഫ്റ്റ്​വെയർ മിക്ക എഇഒ ഓഫിസുകളിലും പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. ജില്ലയിൽ പുതുതായി 50 അധ്യാപക ഒഴിവുകളുണ്ട്. റാങ്ക് പട്ടികയിൽ ഇടം പിടിച്ച മിക്കവരും പിഎസ്​സി നിശ്ചയിച്ച പ്രായപരിധി പിന്നിടാനിരിക്കുന്നവരാണ്. വിദ്യാഭ്യാസ വകുപ്പ് അനാസ്ഥ തുടരുന്നതോടെ ഇനിയൊരു അവസരം ഇല്ലാതാകുമെന്ന ആശങ്കയിലാണ് റാങ്ക് പട്ടികയിലുള്ളവർ. കോടതിയിലും വിജിലൻസിലും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് പട്ടികയിൽ ഉൾപ്പെട്ടവർ. ഓണാവധിക്കു മുന്നേ അധ്യാപക നിയമനം പൂർത്തിയാക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരുന്നെങ്കിലും നടപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പ് തയാറായില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: