കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ 150 കോടി രൂപയുടെ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ 150 കോടി രൂപയുടെ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ.
കാര്‍ഡിയോളജി, ട്രോമാകെയര്‍ വിഭാഗങ്ങളാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുക. കിഫ്ബി യില്‍ നിന്നാണ് ഇതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
300 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഒന്നാം ഘട്ടത്തിന്റെ അംഗീകാരത്തിന്റെ ഭാഗമായിട്ടുള്ള ചര്‍ച്ചകള്‍ക്കായി മെഡിക്കല്‍ കോളജിലെത്തിയ മന്ത്രി മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.സമഗ്ര വികസനത്തിനുള്ള ഒന്നാം ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട് മാസത്തിനകം തന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സമ്പൂര്‍ണ സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി മാറാന്‍ നിരവധി കാര്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും, രണ്ട് വര്‍ഷത്തിനകം അത്തരത്തിലേക്ക് മാറാന്‍ തീവ്ര ശ്രമം നടത്തി വരികയാണ്.കളമശ്ശേരി മെഡിക്കല്‍ കോളജ് അഞ്ച് വര്‍ഷം കൊണ്ടാണ് പൂര്‍ണതോതിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി മാറിയത്.
ഇവിടെ പരമാവധി വേഗത്തില്‍ അത്തരത്തിലുള്ള മാറ്റത്തിന് ശ്രമിച്ചുു കൊണ്ടിരിക്കയാാണെന്നും അവര്‍ പറഞ്ഞു.സര്‍ക്കാറിന്റെ കാരുണ്യ സുരക്ഷാ പദ്ധതിയില്‍ നിന്നുള്‍പ്പെടെ നിരവധി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളിലൂടെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ഇപ്പോള്‍ തന്നെ ലഭ്യമാണ്, മരുന്നുകള്‍ യഥേഷ്ടം ലഭ്യമാക്കുന്നതിന് ഒരു മാസത്തിനകം കാരുണ്യ ഫാര്‍മസി പ്രവര്‍ത്തനമാരംഭിക്കും.
നേരത്തെ കാരുണ്യ ചികിത്സാ പദ്ധതിയില്‍ ഒരു കുടുംബത്തിന് പരമാവധി 3 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെങ്കില്‍, പുതിയ കാരുണ്യ സുരക്ഷാ പദ്ധതിയിലൂടെ ഒരു വര്‍ഷം ഒരു കുടുംബാംഗത്തിന് രണ്ട് മുതല്‍ അഞ്ച് ലക്ഷം വരെയാണ് ലഭിക്കുന്നതെന്നും, ഇതിന്റെ 80 ശതമാനവും തുക സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റിയിട്ട് അധികം നാളായിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ നിന്നും എല്ലാ മരുന്നുകളും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കാരുണ്യ ഫാര്‍മസി വരുന്നതോടെ ഇതിനൊക്കെ ഒരു പരിധി വരെ പരിഹാരമാകും.
സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം ഇവിടെ പ്രവേശനം നേടുന്ന കുട്ടികള്‍ സര്‍ക്കാര്‍ ഫീസ് മാത്രം അടച്ചാല്‍ മതിയെന്നും, അതിന് മുമ്പായി ചേര്‍ന്നവര്‍ പ്രോസ്‌പെക്ടസ് അംഗീകരിച്ച ഫീസ് അടക്കാന്‍ ബാധ്യസ്ഥരാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസഹായരാണെന്നും മന്ത്രി വ്യക്തമാക്കി.
ഉത്തര മലബാറിന്റെ വലിയ സ്വപ്ന സാക്ഷാത്കാരമായി പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ മാറ്റുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ടി.വി.രാജേഷ് എം എല്‍ എ, പ്രിന്‍സിപ്പാള്‍ ഡോ. എന്‍.റോയി, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഡി.കെ. മനോജ്, കാഷ്വാലിറ്റി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.വിമല്‍ റോഹന്‍, ആര്‍ എം ഒ ഡോ.എസ്.എം.സരിന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: