മേയർ ബ്രോയ്ക്ക് വോട്ടഭ്യര്‍ത്ഥിക്കാന്‍ നിലമ്പൂർ , വയനാട് പ്രളയബാധിതരും

2019ല്‍ വടക്കന്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ നിരവധി കോണുകളില്‍ നിന്നാണ് ദുരിതാശ്വാസ സഹായം ഒഴുകിയെത്തിയത്. പ്രത്യേകിച്ച്‌ തലസ്ഥാന നഗരിയില്‍ നിന്നും ലോഡ് കണക്കിന് സാധനങ്ങള്‍ നിലമ്പൂരിലേക്കും വയനാട്ടിലേക്കും പാഞ്ഞെത്തി. ഇതിന് ചുക്കാന്‍ പിടിച്ചത് തിരുവനന്തപുരം മേയറും ഇപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ വി.കെ പ്രശാന്തായിരുന്നു. ഇതോടെ പ്രശാന്തിനെ ജനങ്ങള്‍ മേയര്‍ ബ്രോ എന്നാണ് സ്‌നേഹത്തോടെ വിളിച്ചത്. ഇപ്പോഴിതാ തങ്ങള്‍ക്ക് സ്‌നേഹവും സാന്ത്വനവും സഹായവും നിറച്ച ലോഡുകള്‍ എത്തിച്ച മേയര്‍ ബ്രോയ്ക്ക് പ്രത്യുപകാരം ചെയ്യാനൊരുങ്ങുകയാണ് വയനാട്ടിലെയും നിലമ്പൂരിലെയും പ്രളയബാധിതമേഖലയിലെ ജനങ്ങള്‍. വി.കെ പ്രശാന്തിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വട്ടിയൂര്‍ക്കാവില്‍ എത്താനുളള ഒരുക്കത്തിലാണ് വയനാട്,നിലമ്പൂര്‍ പ്രളയബാധിത മേഖലകളില്‍ നിന്നുള്ളവര്‍. അടുത്ത ദിവസം തന്നെ പ്രശാന്തിന്റെ വിജയത്തിനായി വോട്ടഭ്യർത്ഥിച്ച്‌ പ്രളയബാധിതര്‍ എത്തും.അതേസമയം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പ്രശാന്ത് പ്രചരണം ഊര്‍ജിതമാക്കി കഴിഞ്ഞു. വി.എസ് അച്ചുതാനന്ദനെ അദ്ദേഹം സന്ദര്‍ശിച്ചു. വിജയിച്ചു വരുവാന്‍ എല്ലാ ആശംസകളും നേരുന്നുവെന്ന് വി.എസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളി യു.ഡി.എഫ് ആണെന്നും കുമ്മനം പിന്‍വാങ്ങിയത് പരാജയഭീതിമൂലമാണെന്നും സന്ദര്‍ശനത്തിന് ശേഷം പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. വി.എസിനെ സന്ദര്‍ശിച്ചതിന് ശേഷം മലയാളത്തിന്റെ മഹാനടന്‍ മധുവിനെയും സന്ദര്‍ശിച്ച്‌ എല്ലാ പിന്തുണയും അഭ്യര്‍ത്ഥിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: