ബ്ലോക്ക് പ്രസിഡണ്ടിന്റെ സസ്പെൻഷനെ തുടർന്ന് അഴീക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ്സിൽ പൊട്ടിത്തെറി… കൂട്ട രാജിക്കൊരുങ്ങി പ്രവർത്തകർ

കണ്ണുർ: കെ.പി.സി.സിക്ക് പുതിയ ഭാരവാഹികൾ വരികയും പ്രവർത്തനങ്ങൾ സജീവമക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോൾ അഴീക്കോട് മണ്ഡലത്തിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ നിരാശയിൽ. അഴീക്കോട് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷറഫുദ്ധീൻ കാട്ടാമ്പള്ളിയെ സസ്പെന്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവർത്തകർ സംഘടനാ പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കുകയാണ്.

മണ്ഡലത്തിൽ യൂത്ത് കോൺഗ്രസിനെ ഏറെ ചലനാത്മകമാക്കിയ ഷറഫുദ്ധീന്റെ സസ്പെൻഷനിൽ ഭൂരിഭാഗം പ്രവർത്തകരും പ്രതിഷേധത്തിലാണ് .എന്നും കെ.സുധാകരനൊപ്പം കൂടെ ഉറച്ച്നിന്ന ഷറഫുദ്ധീന്റ സസ്പെൻഷൻ പിൻവലിപ്പിക്കാൻ ഇപ്പോൾ ജില്ലയിൽ നേത്യത്വം നൽകുന്ന സുധാകര ഗ്രൂപ്പ് നേതൃത്വം ഇടപെടാത്തത്തിലും പ്രവർത്തകർക്ക് അത്യപ്തിയുണ്ട്.

ഡി,സി,സി ഓഫീസിൽ നടന്ന വാക്കേറ്റവും അടിപിടിയുമാണ് ഷറഫുദ്ധീൻ കാട്ടാമ്പള്ളിയുടെ സസ്പെൻഷന് കാരണമായത്. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡണ്ട് റിജിൽ മാക്കുറ്റിയും കോൺഗ്രസ് എളയാവൂർ ബ്ലോക്ക് പ്രസിഡണ്ട് സുധീഷ് മുണ്ടേരിയും തമ്മിലുണ്ടായ പ്രശ്നത്തിൽ ഷറഫുദ്ധീൻ കാട്ടാമ്പള്ളി ഇടപെടുകയാണ് ചെയ്തത്. ഷറഫുദ്ധിനും സുധീഷ് മുണ്ടേരിയും തമ്മിൽ കയ്യാങ്കളിയും നടന്നു എന്നാൽ അച്ചടക്ക നടപടിയെടുത്തപ്പോൾ ഷറഫുദ്ധീന് മാത്രമാണ് സസ്പെൻഷൻ ഉണ്ടായത്

ഇത് സാമുദായിക തലത്തിൽ കാണുന്നവരുമുണ്ട്. കോൺഗ്രസിൽ മുസ്ലിം മത വിഭാഗത്തിൽപെട്ടവരെ ഒതുക്കുന്നുവെന്നും അവഗണിക്കുന്നുവെന്നുമുള്ള ആരോപണം നേരത്തെതന്നെയുണ്ട് ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ഒ.വി ജാഫറും മുൻ മന്ത്രി കെ.പി നൂറുദ്ധീന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന മൊയ്തീൻ കുട്ടിയുമെല്ലാം ഈ സാമുദായിക അവഗണന തുറന്ന് പറഞ്ഞ് നേരത്തെ പാർട്ടിയിൽ നിന്നും രാജിവച്ച് പോയിരുന്നു.

ചില നേതാക്കൾ എന്ത് തരംതാണ പ്രവർത്തി നടത്തിയാലും നടപടിയെടുക്കാറില്ലെന്നും പ്രവർത്തകർ ആരോപിക്കുന്നുണ്ട്. കെ.സുധാകരൻ എം.പി ആയിരുന്നപ്പോൾ അദ്ധേഹത്തിന്റെ ഓഫീസിൽ പോയി സ്റ്റാഫിനെ തല്ലുകയും കംപ്യൂട്ടർ അടിച്ച് പൊളിക്കുകയും ചെയ്ത നേതാവിനെ പിന്നീട് ഡി,സി.സി ജനറൽ സെക്രട്ടറിയാക്കി പ്രമോഷൻ കൊടുക്കുകയും ഈ നേതാവ് ഇപ്പോൾ ശുഹൈബിന്റെ ഫണ്ട് അടിച്ച് മാറ്റിയത് റിജിൽ മാക്കുറ്റിയും സുധീപ് ജെയിംസുമാണെന്ന വാർത്ത ദേശാഭിമാനിക്ക് കൊടുത്തതിന് തെളിവുകൾ ഉണ്ടായിട്ട് പോലും നടപടിയെടുത്തില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ഗോവധ നിയന്ത്രണവുമായി ബദ്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിന്റെ പേരിലും ഷറഫുദ്ധീൻ കാട്ടാമ്പള്ളിയെ സസ്പെന്റ് ചെയ്തിരുന്നു.

അന്നും ജില്ലയിലെ മറ്റ് നേതാക്കളെ സംരക്ഷിച്ച് ഷറഫുദ്ധീനെ ബലിയാടാക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. പാർലമെന്റ് കമ്മിറ്റി നടത്തിയ പരിപാടിയിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയെയും മറ്റ് ഭാരവാഹികളെയും സംരക്ഷിക്കുകയും റിജിലിനൊപ്പം നിൽക്കുന്നതിന്റെ പേരിൽ ഷറഫുദ്ധിനെ സസ്പെൻഷൻ ചെയ്യിക്കുകയുമാണുണ്ടായത്. ഇത്തരത്തിൽ നിരന്തരമായി അവഗണന നേരിട്ട ഷറഫുദ്ധീനെ പാർട്ടിയിൽ തിരിച്ചെടുത്തില്ലെങ്കിൽ പാർട്ടി വിടാനൊരുങ്ങുകയാണ് ബ്ലോക്ക് സെക്രട്ടറിമാരുടെ നേത്യത്വത്തിലുള്ള ഒരു വിഭാഗം പ്രവർത്തകർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: