മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് വര്‍ധന എയര്‍ ഇന്ത്യ പിന്‍വലിച്ചു

ദുബയ്: നാട്ടിലേക്കു കൊണ്ടുപോവുന്ന മൃതദേഹങ്ങളുടെ നിരക്ക് ഇരട്ടിയാക്കിയ നടപടി എയര്‍ഇന്ത്യ പിന്‍വലിച്ചു.

പ്രവാസികളുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളെ അപേക്ഷിച്ച് നിലവിലുണ്ടായിരുന്ന എയര്‍ ഇന്ത്യയുടെ നിരക്ക് തന്നെ വളരെ കൂടുതലായിരുന്നു. ഇതിനിടയിലാണ് വീണ്ടും നിരക്ക് ഇരട്ടിയായി ഉയര്‍ത്തിയത്. എയര്‍ ഇന്ത്യയുടെ ഈ നീക്കത്തിനെതിരേ ശക്തമായി പ്രതികരിക്കുമെന്ന് കെഎംസിസി യുഎഇ ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ വ്യക്തമാക്കിയിരുന്നു. വിദേശ മലയാളികളുടെ മൃതദേഹത്തോട് എയര്‍ ഇന്ത്യ കാണിക്കുന്ന അനാദരവ് അവസാനിപ്പിക്കണമെന്ന് ഇന്‍കാസ് ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയും ആവശ്യപ്പെട്ടിരുന്നു.നാട്ടിലേക്ക് കൊണ്ടുപോവുന്ന മൃതദേഹങ്ങളുടെ കാര്‍ഗോ നിരക്ക് കഴിഞ്ഞദിവസമാണ് എയര്‍ ഇന്ത്യ ഇരട്ടിയാക്കി വര്‍ധിപ്പിച്ചത്. കിലോയ്ക്ക് 15 ദിര്‍ഹം ഈടാക്കിയിരുന്ന എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ഇക്കഴിഞ്ഞ 21 മുതല്‍ 30 ദിര്‍ഹം വീതം ഈടാക്കിയാണ് നാട്ടിലേക്ക് അയക്കുന്നത്. അതേസമയം ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യ മൃതദേഹങ്ങള്‍ തൂക്കാതെ എല്ലാത്തിനും 1,100 ദിര്‍ഹം മാത്രം ഈടാക്കി ഓരോ വിമാനത്തിലും 3 മൃതദേഹങ്ങള്‍ വരെ കൊണ്ടുപോവാറുണ്ട്. എയര്‍ ഇന്ത്യയില്‍ ഒരു മൃതദേഹം കൊണ്ടുപോവണമെങ്കില്‍ തന്നെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ കനിയണം. എമിറേറ്റ്സ്, ഫ്ളൈ ദുബയ് എന്നീ വിമാനങ്ങള്‍ പഴയ നിരക്കില്‍ തന്നെയാണ് മൃതദേഹങ്ങള്‍ കൊണ്ടുപോവുന്നത്. എയര്‍ അറേബ്യ സര്‍വീസ് നടത്താത്ത മംഗളൂരു, തൃശ്ശിനാപ്പള്ളി, ലഖ്നോ, അമൃത്സര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് അയക്കുന്ന മൃതദേഹങ്ങള്‍ക്ക് എയര്‍ ഇന്ത്യയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്. ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലേക്ക് സൗജന്യമായാണ് സ്വന്തം രാജ്യങ്ങളിലെ വിമാന കമ്പനികള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോവുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: