സുപ്രീംകോടതി വിധികൾക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ

കണ്ണൂർ: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനമനുവദിച്ചും വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കുകയും ചെയ്ത സുപ്രീംകോടതി വിധികൾക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. വിവാഹേതര ബന്ധങ്ങളെ കുറിച്ചുള്ള വിധി പ്രസ്താവിച്ച ജഡ്ജിയെ അദ്ദേഹം പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. സമനില തെറ്റിയ ജഡ്ജിയാണ് വിധി പ്രസ്താവന നടത്തിയത്. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജി വിധി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. എന്തിനും ഏതിനും കോടതി ഇടപെടുന്നു. കുടുംബ ബന്ധങ്ങളാണ് ഇന്ത്യൻ സംസ്കാരത്തിന്റെ അടിസ്ഥാനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണ്. കോടതികൾ അല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും സുധാകരൻ പറഞ്ഞു. ഓരോ ക്ഷേത്രത്തിനും അതിന്റെതായ വിശ്വാസങ്ങളുണ്ട്. നിയമം കൊണ്ട് വ്യാഖ്യാനിക്കാൻ സാധിക്കുന്നതല്ല ക്ഷേത്ര വിശ്വാസം. തോന്നുംപോലെ നിയമം വ്യാഖ്യാനിക്കാൻ കോടതിക്ക് അധികാരമുണ്ടോയെന്ന് പുനഃപരിശോധിക്കണം. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം ആരും നിഷേധിച്ചിട്ടില്ല. ഹിന്ദു വിശ്വാസ പ്രകാരം അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ഒരു നിശ്ചിത സമയത്താണ് സ്ത്രീകൾക്ക് അങ്ങോട്ടേക്ക് പ്രവശനമില്ലാത്തത്. അതൊരു വിശ്വാസമാണ്. ആ വിശ്വാസം സംരക്ഷിക്കാൻ നമുക്ക് സാധിക്കണമെന്നും സുധാകരൻ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: