തോറ്റവർക്കും സീറ്റ്: യോഗ്യതയില്ലാതെ നേടിയ പി.ജി പ്രവേശനം റദ്ദാക്കാൻ ഉത്തരവ്

കണ്ണൂർ: എൽ.എൽ.ബി പരീക്ഷയ്ക്കു തോറ്റിട്ടും എൽ.എൽ.എം സീറ്റ് നേടിയ വിദ്യാർത്ഥിളുടെ പ്രവേശനം റദ്ദാക്കാൻ

വൈസ് ചാൻസലറുടെ ഉത്തരവ്. സർവകലാശാല പാലയാട് ക്യാംപസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ യോഗ്യതയില്ലാതെയാണ് എൽ.എൽ.എം പ്രവേശനം നേടിയത് എന്നാരോപിച്ച് അഞ്ചു വിദ്യാർഥികളുടെ പ്രവേശനമാണു റദ്ദാക്കിയത്. യോഗ്യതയില്ലാതെയാണ് പ്രവേശനം നേടിയതെന്ന് പല മാധ്യമങ്ങളിലും വാർത്ത വന്നതോടെ വൈസ് ചാൻസലർ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് അധികൃതരെ വിളിച്ചുവരുത്തി വിശദീകരണം തേടി. പ്രവേശനനടപടികളുടെ രേഖകളും വി.സി ആവശ്യപ്പെട്ടു. എൽ.എൽ.എമ്മിന് ഈവർഷം പ്രവേശനം നേടിയ 16 വിദ്യാർഥികളിൽ അഞ്ചുപേർക്ക് യോഗ്യതയില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു പുറത്താക്കിയത്. സർവകലാശാല പഠനവകുപ്പുകളിലെ പി.ജി പ്രവേശനത്തിന് ഇക്കുറി നടപ്പാക്കിയ പരിഷ്കാരത്തിന്റെ മറവിലാണു ഡിഗ്രി തോറ്റ വിദ്യാർഥികൾക്കു പിജിക്കു പ്രവേശനം ലഭിച്ചത്.

ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കു പിജിക്കു പ്രവേശനം നൽകാമെന്നും ആദ്യസെമസ്റ്റർ പൂർത്തിയാകുന്നതിനു മുൻപ് യോഗ്യതാരേഖ ഹാജരാക്കിയാൽ മതിയെന്നുമായിരുന്നു സർവകലാശാലയുടെ തീരുമാനം. ഇങ്ങനെ പ്രവേശനം നേടുന്നവർ ബിരുദ പരീക്ഷയിൽ തോൽക്കുകയാണെങ്കിൽ കോഴ്സിൽ നിന്നു പുറത്താക്കുമെന്ന കരാർ ഒപ്പിട്ടശഷമാണു പ്രവേശനം നൽകിയത്. കോഴ്സ് തുടങ്ങിയ ശേഷം സർവകലാശാലയുടെ ബി.എ, എൽ.എൽ.ബി ഫലം പ്രസിദ്ധീകരിച്ചപ്പോൾ അഞ്ചു വിദ്യാർഥികൾ പരാജയപ്പെട്ടു.

എന്നാൽ ലീഗൽ സ്റ്റഡീസ് അധികൃതർ അവരെ കോഴ്സിൽ തുടരാൻ അനുവദിച്ചു. അതിൽ രണ്ട് എസ്.എഫ്.ഐ നേതാക്കൾ നാളെ നടക്കാനിരുന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുമുണ്ട്. കോഴ്സ് തുടരാൻ അർഹതയില്ലാത്തവരുടെ പത്രിക സ്വീകരിച്ചതും ഗുരുതരമായ ചട്ടലംഘനമാണെന്നാണു വിലയിരുത്തൽ. അതേസമയം പാലയാട് ക്യാംപസിലെ എല്ലാ വിദ്യാർഥിസംഘടനാ പ്രതിനിധികളും പങ്കെടുത്ത യോഗത്തിന്റെ ആവശ്യപ്രകാരമാണ് ബി.എ, എൽ.എൽ.ബി കോഴ്സിന് ഇന്റേണൽ ഇംപ്രൂവ്മെന്റ് നൽകാൻ സിൻഡിക്കറ്റ് തീരുമാനിച്ചതെന്നു വി.സി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: