മലബാർ എക്‌സ്‌പ്രസിന്റെ സമയ മാറ്റം കണ്ണൂരിലെ യാത്രക്കാർക്ക് കനത്ത തിരിച്ചടി

കണ്ണൂർ :

തിരുവന്തപുരം‐ മംഗളൂരു മലബാർ എക്‌സ്‌പ്രസിന്റെ സമയ മാറ്റം കണ്ണൂരിലെ യാത്രക്കാർക്ക് കനത്ത തിരിച്ചടിയായി. 15 മുതൽ നടപ്പാക്കിയ  സമയ മാറ്റത്തിന്റെ ദുരിതം ബുധനാഴ്ചയോടെയാണ് യാത്രക്കാർക്ക് പൂർണമായും അനുഭവപ്പെട്ടത്. കാലവർഷത്തിന്റെ ഭാഗമായുള്ള ട്രെയിൻ റദ്ദാക്കലും തുടർച്ചയായ അവധിക്കും ശേഷം സ്ഥിരം യാത്രക്കാർ കൂടുതലും യാത്ര പുനഃരാരംഭിച്ചത് ബുധനാഴ്ചയോടെയാണ്. 16629 മലബാർ എക്സ‌്പ്രസ്‌ സമയമാറ്റം കോഴിക്കോട് മുതൽ മംഗളൂരു വരെയുള്ള  സ്ഥിരം  യാത്രക്കാരുടെ യാത്രാക്ലേശമാണ്‌ രൂക്ഷമാക്കിയത്.

രാവിലെ 6.45 ന് കണ്ണൂരിൽനിന്ന്‌ പുറപ്പെട്ടിരുന്ന മലബാർ എക്‌സ്‌പ്രസ്‌  ഇപ്പോൾ 7.30നാണ്  പുറപ്പെടുന്നത്‌.  കണ്ണൂരിൽനിന്ന് മംഗളൂരുവിലേക്കുള്ള പാസഞ്ചർ 7.15 നാണ് സാധാരണ  പുറപ്പെടുന്നത്.

മംഗളൂരുവിൽ രാവിലെ എത്തേണ്ട  രോഗികൾ, കാസർകോടും മംഗളൂരുവിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിലും എത്തേണ്ട സർക്കാർ‐സ്വകാര്യ സ്ഥാപനങ്ങളിലെ  ജീവനക്കാർ, വിദ്യാർഥികൾ, തൊഴിലാളികൾ എന്നിവർ ആശ്രയിച്ചിരുന്നത്‌ പാസഞ്ചർ ട്രെയിനാണ്‌. എന്നാൽ സമയമാറ്റത്തത്തോടെ ആദ്യം പുറപ്പെടുന്ന ട്രെയിൻ  മംഗളൂരു പാസഞ്ചറായി. ഇതോടെ ഇതിലെ തിരക്ക്‌ പതിന്മടങ്ങ്‌ വർധിച്ചു. ഇത്‌ പാസഞ്ചർ യാത്ര കൂടുതൽ ദുഷ്‌കരമാക്കി.  മലബാർ എക്സ‌്പ്രസിന്റെ സമയ മാറ്റം പിൻവലിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അല്ലെങ്കിൽ പാസഞ്ചർ രാവിലെ 6.45ന്  പുറപ്പെടണം. കൂടാതെ യാത്രക്കാർക്ക് സൗകര്യമായി നേരത്തെ നിർത്തലാക്കിയ ബൈന്ദൂർ പാസഞ്ചർ രാവിലെ ആറിന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന രീതിയിൽ ട്രെയിൻ   പുനരാരംഭിക്കണം.

ഒരു ശാസ്ത്രീയതയും ഇല്ലാതെ യാത്രക്കാരുടെ ആവശ്യം അറിയുന്നതിന് സർവേയോ പഠനമോ നടത്താതെയാണ് സമയ മാറ്റമുണ്ടായതെന്നും യാത്രക്കാരും യാത്രക്കാരുടെ സംഘടനയായ റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: