സഹകരണമേഖലയ്‌ക്കെതിരായ നീക്കം ഒറ്റക്കെട്ടായി ചെറുക്കുക;കേരള പ്രൈമറി കോ–ഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌ അസോസിയേഷൻ


കണ്ണൂർ
കേരളത്തിന്റെ സാമൂഹ്യജീവിതത്തിലും പുരോഗതിയിലും നിർണായക പങ്ക്‌വഹിച്ച സഹകരണ മേഖലയെ തകർക്കാനുള്ള സംഘടിത നീക്കങ്ങളെ സഹകാരികളും ബഹുജനങ്ങളും ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കേരള പ്രൈമറി കോ–ഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌ അസോസിയേഷൻ അഭ്യർഥിച്ചു. ഒറ്റപ്പെട്ട ചില പ്രശ്‌നങ്ങൾ ഉയർത്തി സഹകരണമേഖലയെ ആകെ മോശമായി ചിത്രീകരിക്കാനുള്ള ചില മാധ്യമങ്ങളുടെ ശ്രമം അപലപനീയമാണ്‌. സഹകരണപ്രസ്ഥാനത്തിന്റെ തകർച്ച ആഗ്രഹിക്കുന്ന കോർപറേറ്റുകൾക്കും ബ്ലേഡ്‌മാഫിയക്കും വേണ്ടിയാണോ ഈ നിക്കമെന്നും സംശയിക്കേണ്ടതുണ്ട്‌.
ജനജീവിതവുമായി ഇഴപിരിയാനാവാത്ത ഹൃദയബന്ധമുള്ള സംസ്ഥാനത്തെ സഹകരണ മേഖല രാജ്യത്തിന്‌ മാതൃകയാണ്‌.
ദേശീയപ്രസ്ഥാനത്തിന്റെ കൂടി ഭാഗമായി രൂപപ്പെട്ട ഐക്യനാണയസംഘങ്ങളിൽ നിന്നാണ്‌ സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലായ സഹകരണ ബാങ്കുകൾ പലതും വളർന്നത്‌. ബീഡി മുതൽ ഐടി വരെ വളർന്നു പടർന്നു നിൽക്കുന്നതാണ്‌ നമ്മുടെ സഹകരണ പ്രസ്ഥാനം. സാധാരണക്കാരുടെ അഭയകേന്ദ്രങ്ങളായ ഈ സ്ഥാപനങ്ങൾ നിലനിൽക്കേണ്ടത്‌ നാടിന്റെയും ജനങ്ങളുടെയും ആവശ്യമാണ്‌.
സഹകരണ മേഖലയ്‌ക്ക്‌ അവമതിപ്പുണ്ടാക്കുംവിധം തെറ്റായ പ്രവണത ഉണ്ടായ സ്ഥാപനങ്ങൾക്കെതിരെ സർക്കാർ തന്നെ കർശന നടപടി സ്വീകരിക്കുകയാണ്‌. ഇക്കാര്യം മറച്ചുവച്ച്‌ സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകർക്കാനുള്ള ഹീനശ്രമമാണ്‌ നടക്കുന്നതെന്നും ജനങ്ങൾ ഇക്കാര്യം തിരിച്ചറിയണമെന്നും അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി പി ദാമോദരൻ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: