പുതുവെളിച്ചം പകർന്ന് കാൻസർ അതിജീവിതരുടെ സംഗമം


മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച്), തലശ്ശേരി നഗരസഭ, ജില്ലാ പഞ്ചായത്ത്, കണ്ണൂർ കാൻസർ കൺട്രോൾ കൺസോർഷ്യം എന്നിവ  സംയുക്തമായി കാൻസർ ഭേദമായവരുടെയും ചികിത്സയിലുള്ളവരുടെയും കൂട്ടായ്മ ‘അമൃതം 2022’ സംഘടിപ്പിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മലബാർ കാൻസർ സെന്റർ, പോസ്റ്റ് ഗ്രാജ്വറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച് ആയി മാറുന്നതോടെ വളരെയധികം മെഡിക്കൽ വിദ്യാർഥികളും ഗവേഷകരും ഇവിടേയ്ക്ക് എത്തിച്ചേരുമെന്നും ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കാൻസറിനെ കുറിച്ചുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കുക, അതിജീവിതർക്കും രോഗികൾക്കും ഉള്ള അപകർഷതാ ബോധം തരണം ചെയ്യുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. കാൻസർ അതിജീവിതരുടെ രചനകളുള്ള ‘സമർപ്പൺ’ എന്ന പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ, എഴുത്തുകാരിയും അതിജീവിതയുമായ സിത്താരക്ക് നൽകിയും കാൻസർ ചികിത്സകരും മറ്റ് ആരോഗ്യ പ്രവർത്തകരും ചേർന്ന് രചിച്ച ‘സായൂജ്യ’ എന്ന പുസ്തകം ഫുട്ബോൾ താരം സി കെ വിനീത് വടകര ലയൺസ് ക്ലബ് പ്രസിഡണ്ട് പ്രസന്നക്ക് നൽകിയും പ്രകാശനം ചെയ്തു. സി. കെ വിനീത് പിതാവിന്റെ കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട അനുഭവങ്ങളും അതിജീവിതർ അവരുടെ അനുഭവങ്ങളും പങ്കുവെച്ചു. തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ എ.എൻ ഷംസീർ എംഎൽഎ, തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ, വാർഡ് കൗൺസിലർമാരായ വി. വസന്ത, റാഷിദ ടീച്ചർ, തലശ്ശേരി സബ് കളക്ടർ അനുകുമാരി എഴുത്തുകാരി സിത്താര, കെ സി സി സി പ്രസിഡണ്ട് നാരായണൻ പുതുക്കുടി, ഡോ. ബി സതീശൻ, ഡോ. ജിതിൻ തുടങ്ങിയവരും പങ്കെടുത്തു. സിനിമാ താരം കുഞ്ചാക്കോ ബോബൻ നൃത്തചുവടുകളിലൂടെയും പിന്നണി ഗായിക മഞ്ജരി പാട്ടുകളിലൂടെയും സദസ്സിനെ കയ്യിലെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: