ബിനോയ് കോടിയേരിക്ക് ഡിഎന്‍എ പരിശോധന, രക്തസാംപിള്‍ നല്‍കി

വിവാഹവാഗ്‍ദാനം നല്‍കി ബിഹാര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനും വ്യവസായിയുമായ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കി. രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയിയെ പിന്നീട് ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ എത്തിച്ചാണ് രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ പിന്നീട് കലീനയിലെ ഫൊറന്‍സിക് ലാബിന് അയച്ചു.നേരത്ത ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്താന്‍ ആവശ്യപ്പെട്ട പൊലീസ് പിന്നീട് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഡിഎന്‍എ ഫലം മുദ്ര വെച്ച കവറില്‍ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറും. രഹസ്യ രേഖ എന്ന നിലയിലാണ് നടപടിയെന്നാണ് മുംബൈ പോലീസിന്റെ നിലപാട്.
എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഡിഎന്‍എ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ചോദിച്ചത്. ഇതുവരെ രക്ത സാമ്ബിള്‍ നല്‍കാതെ ബിനോയ്‌ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയില്‍ ഡിഎന്‍എ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കോടതി കേസിലെ അന്തിമ തീരുമാനമുണ്ടാവുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: