കെവിന്‍ കൊലക്കേസില്‍ വിധി ഓഗസ്റ്റ് 14-ന്

കെവിന്‍ കൊലക്കേസില്‍ വിധി ഓഗസ്റ്റ് 14-ന്. കോട്ടയം സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതിയ്ക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. എന്നാല്‍ മൂന്ന് മാസം കൊണ്ട് തന്നെ വിചാരണ പൂര്‍ത്തിയായി.മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനായി എന്നത് പ്രോസിക്യൂഷനും കോട്ടയം സെഷന്‍സ് കോടതിയ്ക്കും നേട്ടമാണ്. യഥാര്‍ത്ഥത്തില്‍ കോടതി സമയം തുടങ്ങുന്നത് രാവിലെ 11 മണിക്കാണെങ്കിലും, ഒരു മണിക്കൂര്‍ നേരത്തേ, പത്ത് മണി മുതല്‍ തന്നെ കേസ് വിചാരണ തുടങ്ങിയാണ്, കോടതി മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുന്നത്.കഴിഞ്ഞ വര്‍ഷം മെയ് 27-നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഏറ്റുമാനൂര്‍ സ്വദേശി ഷാനുവും സംഘവും തട്ടിക്കൊണ്ടുപോകുന്നത്. ഷാനുവിന്‍റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്‍റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ തട്ടിക്കൊണ്ടുപോകല്‍. .28-ന് പുലര്‍ച്ചെ തെന്മലയില്‍ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയില്‍ മുക്കിക്കൊന്ന നിലയിലായിരുന്നു മൃതദേഹം. കെവിന്‍ രക്ഷപ്പെടാന്‍ പുഴയില്‍ച്ചാടി മരിച്ചെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. എന്നാല്‍ മുക്കിക്കൊന്നതാണ് എന്നതിന് കൃത്യമായ ഫൊറന്‍സിക് തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്.നീനു കെവിന്‍റെ വീട്ടില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ എംഎസ്‍ഡബ്ല്യുവിന് പഠിക്കുകയാണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനത്തിലാണ് നീനു പഠിക്കുന്നത്. സംസ്ഥാനസര്‍ക്കാരാണ് നീനുവിന്‍റെ പഠനച്ചെലവ് വഹിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: