അനധികൃത പാർക്കിങ്ങ്; കൂത്തുപറമ്പ് താലൂക്കാസ്പത്രി റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

വാഹനങ്ങളുടെ അനധികൃത പാർക്കിങ് കൂത്തുപറമ്പ് താലൂക്കാസ്പത്രി റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനിടയാക്കുന്നു. തിങ്കളാഴ്ച രാവിലെ ഏറെ നേരമാണ് വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടന്നത്. ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിട്ടതിനാൽ വ്യാപാരഭവൻ റോഡിൽ നിന്നെത്തിയ ലോറിക്ക് മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. തുടർന്ന് ഏറെ പണിപ്പെട്ടശേഷമാണ് കുരുക്ക് ഒഴിവാക്കാനായത്. ആസ്പത്രിയിലെത്തുന്നവരും സമീപത്തെ കടകളിലെത്തുന്നവരും ഗതാഗതനിയമങ്ങൾ പാലിക്കാതെ വാഹനങ്ങൾ നിർത്തിയിടുന്നതാണ് ഗതാഗതക്കുക്കിനിടയാക്കുന്നത്. ആസ്പത്രിയിലെത്തുന്നവർ മണിക്കൂറുകൾ കഴിഞ്ഞാണ് നിർത്തിയിട്ട വാഹനങ്ങൾ മാറ്റുന്നത്. ആസ്പത്രിയിലെത്തുന്ന ആംബുലൻസുകൾക്കുപോലും അനധികൃത പാർക്കിംഗ് പ്രയാസമുണ്ടാക്കുന്നുണ്ട്. തലശ്ശേരി റോഡ് ജങ്‌ഷൻ മുതൽ ആസ്പത്രി മോർച്ചറിക്ക് സമീപം വരെയാണ് റോഡരികിലായി വാഹനങ്ങൾ നിർത്തിയിടുന്നത്.കണ്ണൂർ റോഡിലെത്താൻ എളുപ്പവഴിയായതിനാൽ നേരത്തെ ഇരുചക്ര വാഹനങ്ങളുൾപ്പെടെയുള്ളവ ഈ റോഡിനെ ആശ്രയിച്ചിരുന്നു. എന്നാൽ, റോഡിൽ സദാസമയവും ഗതാഗതതടസ്സമായതിനാൽ ടൗൺ വഴി പോകുകയേ ഇപ്പോൾ നിവൃത്തിയുള്ളൂ. ഓട്ടോതൊഴിലാളികൾ ഉൾപ്പെടെയുള്ളവർ അനധികൃത പാർക്കിങ്ങിനെ കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടും പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന് ആക്ഷേപവുമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: