ഉണങ്ങിനിൽക്കുന്ന മരങ്ങൾ അപകട ഭീഷണി ഉയർത്തി ഇരിട്ടി – ഇരിക്കൂർ പാത

ഇരിട്ടി: ഏതു നിമിഷവും മറിഞ്ഞു വീഴാൻ പാകത്തിൽ ഉണങ്ങി ദ്രവിച്ചു നിൽക്കുന്ന മരങ്ങൾ ഇരിട്ടി – ഇരിക്കൂർ സംസ്ഥാന പാതയിലെ യാത്രക്കാർക്ക് അപകട ഭീഷണി സൃഷ്ടിക്കുകയാണ്. തന്തോട് മുതൽ പെരുവംപറമ്പ് വരെ വരുന്ന നാലു കിലോമീറ്ററോളം ദൂരത്തിൽ ഏഴോളം വൻ മരങ്ങളാണ് പാതക്കരികിൽ ഇണങ്ങി ദ്രവിച്ച് റോഡിലേക്ക് മറിഞ്ഞു വീഴാൻ പാകത്തിൽ അപകട ഭീഷണി ഉയർത്തി നില്കുന്നത്. കൂടാതെ പെരുവംപറമ്പ് അംമ്പലം മുക്കിൽ ഒരു കൂറ്റൻ മരം അടിഭാഗം ദ്രവിച്ചു നിൽക്കുന്ന നിലയിലുമാണ്.
ഇവ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റാത്തപക്ഷം കാറ്റും മഴയും വരുമ്പോൾ വൻ ദുരിതത്തിന് ഇടയാക്കുമെന്നാണ് പ്രദേശ വാസികൾ പറയുന്നത്. ഇപ്പോൾ തന്നെ ചെറിയ കാറ്റിലും മഴയിലും ഇത്തരം മരങ്ങളുടെ ശിഖരങ്ങൾ പൊട്ടി വീഴുന്നതും നിത്യ സംഭവമായിരിക്കുകയാണ് . തന്തോട് പാലത്തിനു സമീപവും ഒരു കൂറ്റൻ മരം റോഡിനോട് ചേർന്ന് ഉണങ്ങിക്കിടക്കുന്ന അവസ്ഥയുണ്ട്. രാപ്പകലില്ലാതെ നൂറുകണക്കിന് വാഹനങ്ങൾ നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന പാത എന്ന നിലയിൽ ഇതിലേക്ക് മരം വേനൽ ഉണ്ടാകുന്ന ദുരിതം ഏറെ ഭീകരമായിരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പും, റവന്യൂ വകുപ്പുമെല്ലാം കാലവർഷം തുടങ്ങുമ്പോൾ തന്നെ പൊതുവഴികളിലും , കെട്ടിടങ്ങൾക്കും വൈദ്യുതി ലൈനുകൾക്ക് സമീപവും മറ്റുമുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. ഇത്തരം മരങ്ങൾ വീണ് ഉണ്ടാകുന്ന അപകടങ്ങൾക്ക് സ്ഥലം ഉടമ ഉത്തരവാദി യായിരിക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും അധീനതയിലുള്ള മരങ്ങൾ ഉണ്ടാക്കുന്ന ഭീഷണി അധികൃതർ കാണുകയോ ജനങ്ങളുടെ പരാതി കേൾക്കുകയോ ചെയ്യുന്നില്ല. അടുത്തകാലത്താണ് കോടികൾ മുടക്കി ഈ പാത വീതികൂട്ടി നവീകരിച്ചത്. ഇതിന്റെ മറവിൽ വിലപിടിച്ച പല മരങ്ങളും മുറിച്ചു കടത്തി എന്ന പരാതികളും വ്യാപകമായിരുന്നു. എന്നാൽ ഇത്തരം അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിൽ അധികൃതർ അനാസ്ഥ കാണിക്കുകയാണെന്നും ജനങ്ങൾ പരാതിപ്പെടുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: