എസ്എസ്എല്‍സി; കണ്ണൂരിന് മികച്ച നേട്ടം, അഭിനന്ദനവുമായി ജില്ലാ പഞ്ചായത്ത്

2019-20ലെ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച നേട്ടവുമായി കണ്ണൂര്‍. ഇത്തവണ 99.31 വിജയശതമാനമാണ് ജില്ല കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം 99.15 ശതമാനം ആയിരുന്നു ജില്ലയുടെ നേട്ടം. 33155 പേര്‍ പരീക്ഷയെഴുതിയതില്‍ 32927പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. കോവിഡ് 19 വ്യാപകമായ സാഹചര്യത്തിലും വിജയ ശതമാനത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ ജില്ലയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3748 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയപ്പോള്‍ ഈ വര്‍ഷം അത് 4166 പേരായി ഉയര്‍ന്നു.

സംസ്ഥാന ഗവണ്‍മെന്റിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകളുടെ ഭൗതിക നിലവാരവും അക്കാദമിക നിലവാരവും ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബി പോസിറ്റീവ്, ഇ-മുകുളം, വിദ്യാഭ്യാസ ശില്‍പശാലകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടപ്പിലാക്കിയതും ഈ മുന്നേറ്റത്തിന് സഹായകരമായി. സ്‌കൂളുകളുടെ വിജയം നൂറുശതമാനമാക്കുകയും എല്ലാ പരീക്ഷകളിലും ബി പ്ലസ്സില്‍ കുറയാത്ത ഗ്രേഡ് നേടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയും ചെയ്യുന്നതിനായാണ് ജില്ലാ പഞ്ചായത്ത് ബി പോസിറ്റീവ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ നടന്ന പ്രത്യേക പരിശീലന പരിപാടികളും കൗണ്‍സലിംഗ് സെഷനുകളും വിദ്യാര്‍ഥികളില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ഇത് ഈ വര്‍ഷത്തെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

കഠിന പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും ജില്ലയിലെ സ്‌കൂളുകളുടെ വിജയ ശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ജില്ലയിലെ അധ്യാപകരുടെ വലിയ പിന്തുണയാണ് ഇതിന് ഉണ്ടായതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. പ്രതികൂല സാഹചര്യത്തിലും മികച്ച വിജയം നേടിയ മുഴുവന്‍ കുട്ടികളെയും പദ്ധതിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും പരീക്ഷാ ഫലം മെച്ചപ്പെടുത്തുന്നതിന് കഠിന പ്രയത്നം ചെയത വിദ്യാഭ്യാസ വകുപ്പ്, അധ്യാപകര്‍, രക്ഷിതാക്കള്‍, ഡയറ്റ് പ്രതിനിധികള്‍ എന്നിവരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: