ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടി;ആരാധനാലയങ്ങൾ, ഹോട്ടലുകൾ വ്യവസ്ഥകളോടെ ജൂൺ 8 മുതൽ തുറക്കാം

ന്യൂഡൽഹി:കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും ജൂൺ എട്ടുമുതൽ തുറക്കാമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

കണ്ടെയ്ൻമെന്റ് പ്രദേശത്തിന് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായി തുറന്നുപ്രവർത്തിക്കുന്നത് സംബന്ധിച്ച പുതിയ മാർഗ നിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ ജൂൺ എട്ടുമുതൽ പൊതുജനങ്ങൾക്കായി ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സേവനവുമായി ബന്ധപ്പെട്ട മറ്റു സർവീസുകൾ, ഷോപ്പിങ് മാളുകൾ എന്നിവ തുറന്നു പ്രവർത്തിക്കും.

പൊതുസ്ഥലങ്ങൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചർച്ചചെയ്ത് ആഭ്യന്തരമന്ത്രാലയം ഉടൻ പ്രസിദ്ധീകരിക്കും.

രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. സംസ്ഥാന സർക്കാരുകൾ സ്ഥാപനങ്ങളുമായും രക്ഷിതാക്കളുമായും കൂടിയാലോചന നടത്തി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

മൂന്നാം ഘട്ടമായി അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും. ഈ ഘട്ടത്തിലായിരിക്കും സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും പാർക്കുകളും തുറക്കുക. മറ്റ് പൊതുപരിപാടികൾക്കും ഈ ഘട്ടത്തിൽ അനുവാദം നൽകും.

ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേക്ക് കടക്കുമ്പോൾ നിയന്ത്രണം കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രമായി ഒതുങ്ങുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: