ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രം; ആരാധനാലയങ്ങളിൽ 50 പേർ എന്നുള്ളത് സൗകര്യങ്ങൾക്കനുസരിച്ച് കുറയ്ക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗങ്ങളാണെങ്കിൽ മാത്രമേ രണ്ടുപേർ യാത്ര ചെയ്യാവൂ എന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ. ഇരുവരും ഇരട്ട മാസ്ക് ധരിക്കണം. കുടുംബാംഗങ്ങൾ അല്ലെങ്കിൽ ഒരാളെ മാത്രമേ അനുവദിക്കൂ.

നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം ഉണ്ടായിരിക്കും. ചൊവ്വാഴ്ച മുതൽ ലോക്​ഡൗണിന്​ സമാനമായ നിലയിലായിരിക്കും കാര്യങ്ങൾ. അത്യാവശ്യത്തിന്​ മാത്രമേ പുറത്തിറങ്ങാവൂ. വലിയ സൗകര്യം ഉള്ള ആരാധനാലയങ്ങളിൽ മാത്രമേ 50 പേർക്കു പ്രാർഥന നടത്താൻ അനുമതിയുള്ളൂ. സൗകര്യമില്ലാത്തിടത്ത് ആളുകളുടെ എണ്ണം കുറയ്ക്കണം.

കടകളും ഹോട്ടലുകളും സമയബന്ധിതമായി പ്രവൃത്തിപ്പിക്കാം. ബാങ്കിങ്​ സമയം രണ്ടുമണിവരെയായി ചുരുക്കാൻ ഇടപെടൽ നടത്തും. ആശുപത്രിയിൽ കൂട്ടിരിക്കുന്നവർ ഡോക്ടറോ സ്ഥാപനമോ സ്വയമോ തയാറാക്കുന്ന സത്യവാങ്മൂലം ഹാജരാക്കി അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യാം. മാർക്കറ്റിലെ കടകൾ നിശ്ചിത സമയത്ത് തുറക്കുകയും അടക്കുകയും ചെയ്യുന്നുണ്ടെന്നു മാർക്കറ്റ് കമ്മിറ്റികൾ ഉറപ്പാക്കണം.

കോവിഡ് കേസുകൾ വർധിക്കുന്ന ജില്ലകളിൽ ലോക്ഡൗൺ ആലോചിക്കേണ്ടി വരും. കേന്ദ്ര–സംസ്ഥാന സർക്കാർ വകുപ്പുകളുടെ പ്രവർത്തനം അവശ്യ സർവിസിൽ ഒതുക്കും. വിമാന, ട്രെയിൻ യാത്രക്കാർക്ക്​ തടസ്സമുണ്ടാകില്ല. ഓക്​സിജൻ, സാനിറ്റേഷൻ നീക്കം തടസ്സമില്ലാതെ അനുവദിക്കും. ഹോട്ടലുകൾക്കു ഹോം ഡെലിവറി മാത്രം നടത്താം. ഹോം ഡെലിവറി നടത്തുന്നവരുടെ വിവരം ശേഖരിച്ച് നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തും.

വിമാനത്താവളത്തിലേക്കു പോകുന്നവർക്കും ട്രെയിൻ യാത്രക്കാർക്കും തടസ്സമുണ്ടാകില്ല. ടെലികോം– ഇന്‍റർനെറ്റ് സേവനങ്ങൾക്കു തടസ്സമുണ്ടാകില്ല. ബാങ്കുകൾ ഓൺലൈൻ ഇടപാട് കൂടുതൽ നടത്താൻ ശ്രമിക്കണം. ആൾക്കൂട്ടം അനുവദിക്കില്ല. അതിഥി തൊഴിലാളികൾക്ക് അതത് സ്ഥലത്ത് ജോലി ചെയ്യുന്നതിനു തടസ്സമില്ല. റേഷൻ കടകളും സിവിൽ സപ്ലൈസ് സ്ഥാപനങ്ങളും പ്രവർത്തിക്കും -മുഖ്യമന്ത്രി വ്യക്​തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: