നാടിന് നൊമ്പരമായി അമൃത

മട്ടന്നൂർ: ഒരു ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരണത്തിലേക്ക് മുങ്ങിത്താണുപോയ കൊടോളിപ്രം പാളാട്ടെ എ.വി.അമൃത (25) നാടിന്റെ നൊമ്പരമായി. വ്യാഴാഴ്ച രാവിലെ അയൽവാസികളോടൊപ്പം തുണിയലക്കാനായി നായിക്കാലി പുഴയിലെ കുളിക്കടവിൽ പോയപ്പോഴാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന അയൽവാസിയായ ഒമ്പതുവയസ്സുകാരൻ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താനായി പുഴയിലേക്ക് ചാടിയ അമൃത പുഴയിലെ കയത്തിൽപ്പെട്ടു. ബഹളംകേട്ട് ഓടിയെത്തിയവർ അമൃതയെ പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജലക്ഷാമം രൂക്ഷമായതോടെ എല്ലാ ദിവസവും രാവിലെ അമൃതയും സമീപവാസികളും തുണിയലക്കാനായി നായിക്കാലി പുഴയിൽ പോകാറുണ്ട്. തുണിയലക്കുന്ന സ്ഥലത്ത് മുട്ടോളം മാത്രമേ വെള്ളമുണ്ടാകാറുള്ളൂ. വേനൽക്കാലമായതിനാൽ പുഴയിലെ ജലനിരപ്പും കുറവാണ്. എന്നാൽ പുഴയിൽ നാലുമീറ്ററോളം മുന്നോട്ടുമാറിയുള്ള ചുഴിയിൽ പെട്ടുപോയതാണ് അപകടകാരണമെന്ന് കരുതുന്നു. കുട്ടിയെ പിന്നീട് മറ്റുള്ളവർചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

തില്ലങ്കേരി രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ അവസാനവർഷ ബി.എഡ്. വിദ്യാർഥിയാണ് അമൃത. നന്നായി നീന്താനറിയാവുന്ന അമൃത മുങ്ങിമരിച്ചെന്ന വാർത്തയുടെ നടുക്കത്തിലാണ് നാട്ടുകാർ. മട്ടന്നൂരിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാർ ചേർന്ന് ആസ്പത്രിയിലെത്തിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: