കേരളത്തിൽ 2 പേർക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് വ്യാഴാഴ്ച രണ്ടു പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അ്റിയിച്ചു. മലപ്പുറം, കാസർഗോഡ് ജില്ലയിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് നിന്നുള്ളയാൾ മഹാരാഷ്ട്രയിൽ നിന്ന് വന്നതാണ്. കാസർഗോഡ് ജില്ലയിലുള്ളയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് 14 പേരാണ് വ്യാഴാഴ്ച രോഗമുക്തി നേടിയത്. പാലക്കാട് ജില്ലയിൽ നിന്നുള്ള നാലു പേരുടേയും കൊല്ലം ജില്ലയിൽ നിന്നുള്ള മൂന്നുപേരുടേയും കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നുള്ള രണ്ടു പേരുടെ വീതവും പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 383 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. 111 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,711 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 20,285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 95 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 25,973 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 25,135 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 1508 സാമ്പിളുകൾ ശേഖരിച്ചതിൽ ലഭ്യമായ 897 സാമ്പിളുകൾ നെഗറ്റീവായി. സമൂഹത്തിൽ കോവിഡ് പരിശോധന ഊർജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. 3089 എണ്ണം നെഗറ്റീവ് ആണ്. ഇതിൽ പോസിറ്റീവായ നാലു ഫലങ്ങളാണ് കഴിഞ്ഞദിവസംവരെ പ്രഖ്യാപിച്ചത്. പുന:പരിശോധനയ്ക്കായി നിർദേശിച്ച 14 സാമ്പിളുകൾ ലാബുകളിൽ പരിശോധിച്ച് വരികയാണ്. ഇതുകൂടാതെ ലാബുകൾ തിരസ്‌കരിച്ച 21 സാമ്പിളുകളും ലാബുകൾ പുന:പരിശോധനയ്ക്കായി നിർദേശിച്ചിട്ടുണ്ട്.
പുതുതായി നാലുഹോട്ട് സ്‌പോട്ടുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവിൽവട്ടം, കോട്ടയം ജില്ലയിലെ ഉദയനാപുരം, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ചില ഹോട്ട് സ്‌പോട്ടുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 70 ആയി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: