പ്രവാസികൾ നാടിന്റെ നട്ടെല്ല്; അവരെ അപഹസിക്കരുത്: മുഖ്യമന്ത്രി

പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും കൊവിഡ് 19 പശ്ചാത്തലത്തിൽ അവരെ പരിഹസിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളോട് ചിലർ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നുണ്ട്. നമ്മുടെ സഹോദരങ്ങൾ ലോകത്താകെയുണ്ട്. അവർ മണലാരണ്യത്തിൽ അടക്കം കഠിനമായി അധ്വാനിച്ച് ഉണ്ടാക്കിയ പണത്തിലാണ് നാം ഇവിടെ കഞ്ഞി കുടിച്ച് നടന്നിരുന്നത്. ഇത് നാം മറക്കാൻ പാടില്ല.

നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികൾ. അവർ പോയ രാജ്യങ്ങളിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ നാട്ടിലേക്ക് തിരിച്ച് വരാൻ ആഗ്രഹിച്ചു. തിരിച്ച് വന്നപ്പോൾ പ്രതിരോധ നടപടികൾ എല്ലാവരും സ്വീകരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കേസുകളാണ് ഇതിന് വിപരീതമായുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 32 പേർക്കാണ്. ഇതിൽ 17 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇന്നത്തെ കണക്ക് പ്രകാരം കാസർഗോഡ് 17, കണ്ണൂർ 11, വയനാട്, ഇടുക്കി എന്നി ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആകെ ഒരുലക്ഷത്തി അൻപത്തി ഏഴായിരത്തി ഇരുന്നൂറ്റി അൻപത്തി മൂന്നു പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഒരുലക്ഷത്തി അൻപത്തിആറായിരത്തി അറുനൂറ്റി അറുപത് പേർ വീടുകളിലും 623 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 126 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 6991 സാമ്പിളുകളാണ് പരിശോധക്ക് അയച്ചത്. 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: