പ്രളയ-നഷ്ടം ധനസഹായം; പുരസ്കാര ജേതാവിന്റെ പ്രതിഷേധം ഫലം കണ്ടു

പേരാവൂർ: പ്രളയകാലത്ത് കൃഷി നശിച്ചവർക്ക് സഹായം നൽകുമെന്ന പ്രഖ്യാപനത്തിൽ വിശ്വസിച്ച് കാത്തിരുന്ന് മടുത്ത കർഷക പുരസ്കാര ജേതാവ് പ്രതിഷേധവുമായി രംഗത്ത് വന്നപ്പോൾ സർക്കാർ ഉണർന്നു. മികച്ച കർഷകനുള്ള പുരസ്കാരം നേടിയ കൊട്ടിയൂർ സ്വദേശി സോണിയാണ് നഷ്ടപരിഹാരം വൈകുന്നതിനെതിരെ പ്രതികരിച്ചത്.

പ്രളയത്തിൽ നശിച്ച കൃഷിയിടം പുനരുദ്ധരിക്കുന്നതിന് കൃഷി വകുപ്പ് പ്രഖ്യാപിച്ച പുനർജനിയുടെ ഉദ്ഘാടനം കഴിഞ്ഞ ഒക്ടോബർ 30 ന് വകുപ്പ് മന്ത്രി സുനിൽ കുമാർ നിർവഹിച്ചത് സോണിയുടെ കൃഷിയിടത്തിൽ വച്ചായിരുന്നു. എന്നാൽ നഷ്ടപരിഹാരം നാളിതുവരെയായി ലഭിക്കാതെ വന്നതോടെയാണ് സോണി രംഗത്ത് വന്നത്. 64,000 രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കേണ്ടിയിരുന്നത്.

ഇതിൽ നാലായിരം രൂപ മാത്രമാണ് ലഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി 150 തൊഴിൽ ദിനങ്ങൾ നൽകുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു എങ്കിലും ലഭിച്ചില്ല. പുനർജനി പദ്ധതി പ്രകാരം പതിനായിരം രൂപയോളം സബ്സിഡിയും കുറേ വിത്തുകളും ലഭിച്ചു. നഷ്ടപ്പെട്ട കൃഷിയിടം പുനരുദ്ധരിക്കാൻ പക്ഷെ ഇതുകൊണ്ടൊന്നും മതിയാകാതെ വന്നപ്പോഴാണ് മികച്ച കർഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാർച്ച് 31ന് മുൻപായി തുക നൽകുമെന്ന് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം സോണിയെ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: