പുഷ്‌പോത്സവത്തിൽ ശ്രദ്ധേയമായി പിആർഡി വികസന പവലിയൻ

കണ്ണൂർ പുഷ്പോത്സവത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘കുതിച്ചുയർന്ന് കണ്ണൂർ’ ഫോട്ടോ എക്‌സിബിഷൻ ശ്രദ്ധേയമാകുന്നു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതാണ് പ്രദർശനം. ജില്ലയിലെ പൂർത്തീകരിച്ച വിവിധ വികസന പദ്ധതികൾ, പുരോഗമിക്കുന്ന പ്രവൃത്തികൾ എന്നിവയുടെ ഫോട്ടോകളും കുറിപ്പും ഇവിടെ കാണാം. സഞ്ചാരികളുടെ മനംകവരാൻ നടപ്പാക്കുന്ന റിവർ ക്രൂയിസം പദ്ധതിയുടെ പ്രവൃത്തികൾ, ജർമ്മൻകാരനായ അക്ഷരസ്നേഹി ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണകൾ തുടിക്കുന്ന തലശ്ശേരി നിട്ടൂർ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിൽ ഒരുക്കിയ ‘ഗുണ്ടർട്ട് ബംഗ്ലാവ് ഡെവലപ്മെന്റ് ഓഫ് കംപോണന്റ്സ്’എന്ന സ്വപ്നപദ്ധതി, കുട്ടികളടക്കമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കാട്ടാമ്പള്ളി കയാക്കിങ് സെന്റർ, കേരളത്തിലെ ഏറ്റവും വലിയ സ്‌കിൽ പാർക്കായ പാലയാട് അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്ക്, കോഴി അറവ് മാലിന്യ സംസ്‌കരണത്തിനായി പൊറോറ കരുത്തൂർപ്പറമ്പിൽ ആരംഭിച്ച മട്ടന്നൂർ ചിക്കൻ റെന്ററിങ്ങ് പ്ലാന്റ്, ദേശീയപാത വികസനത്തിന്റെ നാഴികക്കല്ലായി തലശ്ശേരി നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ മുഴപ്പിലങ്ങാട് നിന്നാരംഭിച്ച് അഴിയൂരിൽ അവസാനിക്കുന്ന തലശ്ശേരി-മാഹി ബൈപാസിന്റെ നിർമാണം, ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ചിറക്കൽ കോവിലകത്തിന്റെ അധീനതയിലുള്ള ചിറക്കൽ ചിറ നവീകരണം എന്നിവയ്ക്കു പുറമേ ജില്ലയിലെ പൊതുവായ വികസനങ്ങൾ എക്‌സിബിഷനിലൂടെ കണ്ടറിയാം. 138 വികസന ചിത്രങ്ങൾ അടങ്ങിയ എക്‌സിബഷൻ കാണാൻ നിരവധി പേരാണ് ദിവസവും എത്തുന്നത്. കാഴ്ച്ചകൾക്കപ്പുറം വികസന പദ്ധതികളുടെ ലഘു കുറിപ്പുള്ളത് കൂടുതൽ വ്യക്തത നൽകുന്നു. കണ്ണൂർ പൊലീസ് മൈതാനിയിൽ ജില്ലാ അഗ്രി ഫോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്‌പോത്സവം ഫെബ്രുവരി ആറുവരെയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: