വിനോദ സഞ്ചാര വികസനം: ജില്ലയിൽ  ഹോംസ്റ്റേകൾ വ്യാപകമാവണം-കെ.വി. സുമേഷ്

 വിമാനത്താവളം നിലവിൽ വന്നതോടെ കണ്ണൂരിന് ലഭിച്ച വിനോദ സഞ്ചാരവികസനത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ടൂറിസം സംരംഭകർക്കും ഹോംസ്റ്റേ നടത്തിപ്പുകാർക്കുമായി സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വിമാനത്താവളം പ്രവർത്തനമാരംഭിച്ചതോടെ കണ്ണൂരിലേക്കുള്ള സഞ്ചാരികളുടെ വരവ് വർധിക്കും. എന്നാൽ നമ്മൾ നേരിടുന്ന പ്രധാന വെല്ലുവിളി സഞ്ചാരികൾക്ക് താമസിക്കാർ അനുയോജ്യമായ ഇടങ്ങളില്ലെന്നതാണ്. അത് പരിഹരിക്കാൻ ഹോംസ്റ്റേകൾ ആരംഭിക്കണം. വലിയ ഹോട്ടലുകൾ എല്ലായിടത്തുമുണ്ട് ഫാസ്റ്റ് ഫുഡും ലഭിക്കും. എന്നാൽ വിദേശികളെ ആകർഷിക്കാൻ ഇത് മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കലക്ടർ മീർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കണ്ണൂരിന്റെ എല്ലാ മേഖലയും ടൂറിസത്തിന്  അനുയോജ്യമായ ഇടങ്ങളാണെന്ന് കലക്ടർ പറഞ്ഞു. അതിനാൽ ഏതെങ്കിലും ഒരു പ്രദേശം കേന്ദ്രീകരിച്ച് വിനോദ സഞ്ചാര പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് പകരം ജില്ലയിൽ വ്യാപകമായി നടപ്പിലാക്കണം. ഹോംസ്റ്റേകൾ സ്ഥാപിക്കുന്നതോടെ സഞ്ചാരികൾ പ്രധാനമായും അഭിമുഖീകരിക്കുന്ന താമസ, ഭക്ഷണ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും കലക്ടർ പറഞ്ഞു.

സംരംഭകർ, ഹോം സ്റ്റേ നടത്തിപ്പുകാർ, ഗൈഡുകൾ തുടങ്ങി നിലവിൽ പ്രവർത്തിക്കുന്നവരും ടൂറിസം മേഖലയിൽ സംരംഭകരാവാൻ താൽപര്യമുള്ളവരും ശിൽപശാലയിൽ പങ്കെടുത്തു. ജില്ലയിൽ ടൂറിസം സാധ്യതകൾ ഏറെയുണ്ടെങ്കിലും അതിനനുസൃതമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് വിനോദസഞ്ചാരികൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകളെന്ന് ശിൽപശാല വ്യക്തമാക്കി. റിസോർട്ടുകളും വൻകിട ഹോട്ടലുകളും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൽ പരിധിയുണ്ട്. സഞ്ചാരികൾ കാണാനും ആസ്വദിക്കാനും വരുന്നത് നാടും നാടിന്റെ പൈതൃകവും കലയും സംസ്‌കാരങ്ങളുമൊക്കെയാണ്. ഇതിന് ഹോംസ്റ്റേകൾ നിർമ്മിക്കുക വഴി പരിഹാരം കാണാൻ പറ്റും. വീടുകൾ നിർമ്മിച്ച് അത് ഉപയോഗിക്കാതെ വിദേശത്ത് ജോലി ചെയ്യുന്നവർ നിരവധിയാണ്. ജില്ലയിൽ ഇത്തരം വീടുകൾ, പഴയ തറവാട് വീടുകൾ തുടങ്ങിയ ഇടങ്ങിൽ ഹോം സ്റ്റേകൾ ആരംഭിക്കാൻ സാധിക്കും. ഇത് അതത് പ്രാദേശിക മേഖലയുടെ പുരോഗതിക്ക് കാരണമാവും. നിരവധി പേർക്ക് ഇത് വഴി തൊഴിൽ അവസരം ലഭിക്കുമെന്നും ശിൽപശാല നിരീക്ഷിച്ചു.

ജെയിംസ് മാത്യു എം എൽ എ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി മുരളീധരൻ, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി വയനാട് ഡിടിപിസി സെക്രട്ടറി ബി ആനന്ദ്, തൃശൂർ എഫ്‌സിഐ പ്രിൻസിപ്പൽ എസ് ഹരിപ്രസാദ്, എൻ രതീഷ്, ഹാരിസ്, പി വിനയരാജ് എന്നിവർ ക്ലാസെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: