ജലസ്രോതസ്സുകൾ മാലിന്യ മുക്തമാക്കാനും ജൈവ സമ്പത്ത് പുനഃസ്ഥാപിക്കാനും കർമപദ്ധതി

ജില്ലാ പഞ്ചായത്തിന്റെ അഴുക്കിൽ നിന്ന് അഴകിലേക്ക് പദ്ധതി പ്രകാരം ജില്ലയിലെ എല്ലാ ജലസ്രോതസ്സുകളും മാലിന്യ മുക്തമാക്കാൻ തീവ്ര യജ്ഞം. പ്രളയത്തെ തുടർന്ന് മലിനമായ പുഴകളടക്കമുള്ള ജലസ്രോതസ്സുകൾ മാലിന്യ മുക്തമാക്കാനും നഷ്ടപ്പെട്ട ജൈവ സമ്പത്തുകൾ പുനഃസ്ഥാപിക്കാനുമുള്ള കർമ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ജില്ലയിലെ ്രപധാനപ്പെട്ട പുഴകളൊഴുകുന്ന തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിപാടികൾ നടപ്പിലാക്കുന്നത്. ഈ തദ്ദേശസ്ഥാപന അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്നാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ വി കെ സുരേഷ് ബാബു, കെ പി ജയബാലൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അൻസാരി തില്ലങ്കേരി, അജിത് മാട്ടൂൽ, സെക്രട്ടറി വി ചന്ദ്രൻ, മണ്ണ് ജലസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ സമദ് തുടങ്ങിയവർ സംസാരിച്ചു.

ഫെബ്രുവരി 22ന് ആരംഭിച്ച് ജലദിനമായ മാർച്ച് 22ന് അവസാനിക്കുന്ന വിധമാണ് ഇതിനുള്ള പ്രവർത്തന കലണ്ടർ. ഫിബ്രവരി 22ന് എല്ലാ തദ്ദേശ പരിധിയിലെയും പുഴകളും മറ്റ് ജലസ്രോതസ്സുകളും മാലിന്യ മുക്തമാക്കും. ഇതിനായി വിപുലമായ ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ ആസൂത്രണം ചെയ്യും. പഞ്ചായത്ത് തലത്തിൽ ഫിബ്രവരി 10നകം പ്രത്യേക യോഗങ്ങൾ ചേരും. പുഴയുടെ കരകളുടെ ജൈവഘടന സംരക്ഷിക്കാൻ ഓരോ പ്രദേശത്തിനും അനുയോജ്യമായ മാർഗങ്ങൾ സ്വീകരിക്കും. മുള, ഈറ, കൈത എന്നിവയാണ് തീരങ്ങളിൽ വെച്ചുപിടിപ്പിക്കുക. കയർ ഭൂവസ്ത്രം ആവശ്യമായ സ്ഥലങ്ങളിൽ അതിനാവശ്യമായ നടപടിയും കൈക്കൊള്ളും. ഇതിനായി ഓരോ പ്രദേശത്തെയും പുഴയോരങ്ങൾ മണ്ണ് ജല സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും. ഇതനുസരിച്ച് ഓരോ പ്രദേശത്തേക്കും ആവശ്യമായ കർ ഭൂവസ്ത്രം, മുള, ഈറ, കൈത തുടങ്ങിയവയുടെ വിവരം തദ്ദേശസ്ഥാപനങ്ങൾ ഫിബ്രവരി 5നകം ജില്ലാ പഞ്ചായത്തിൽ അറിയിക്കണം. പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായുള്ള ജില്ലാതല യോഗം ഫിബ്രവരി ഒന്നിന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്തിൽ ചേരും. ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, തൊഴിലുറപ്പ്, ഹയർ സെക്കണ്ടറി എൻഎസ്എസ് വിഭാഗങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: