മന്ത്രിസഭയുടെ ആയിരം ദിനം:  സെമിനാറുകളും എക്‌സിബിഷനും നടത്തും

 സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ പ്രളയാനന്തര അതിജീവനം, കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളുടെ വികസനം, നവോത്ഥാന കേരളം എന്നീ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കാൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. പ്രളയാനന്തര അതിജീവന കാലത്തെ നിർമ്മാണം കേന്ദ്രീകരിച്ചുള്ള സെമിനാറിൽ പ്രീഫാബ്രിക്കേറ്റഡ് കെട്ടിടങ്ങൾ മുഖ്യവിഷയമാവും. ആർക്കിടെക്റ്റുകൾ, ബിൽഡേഴ്‌സ് ഗ്രൂപ്പുകൾ എന്നിവയെ പങ്കെടുപ്പിക്കും. കണ്ണൂർ വിമാനത്താവള സെമിനാറിൽ സഹകരണ മേഖല, ചേംബർ ഓഫ് കോമേഴ്‌സ്, വാണിജ്യ, വ്യവസായ മേഖല, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ മേഖലകളിൽനിന്നുള്ളവരെ പങ്കെടുപ്പിക്കും. 

എക്‌സിബിഷൻ സർക്കാറിന്റെ നാല് മിഷനുകളെയും പ്രളയാനന്തര കേരളത്തിന്റെ അതിജീവനം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വികസന ഡോക്യുമെൻററിയുടെ മൊബൈൽ പ്രദർശനവും മൊബൈൽ എക്‌സിബിഷന്റെ പര്യടനവും നടത്തും. മാരത്തണും ഉണ്ടാവും. 

യോഗത്തിൽ ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ജയിംസ് മാത്യു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, സ്ഥിരം സമിതി ചെയർമാൻ കെ.പി. ജയബാലൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മണ്ഡലം പ്രതിനിധി യു. ബാബുഗോപിനാഥ്, തലശ്ശേരി നഗരസഭാ ചെയർമാൻ സി.കെ. രമേശൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ്, പഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം. രാഘവൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: