റെയിൽപാളത്തിലൂടെ നടന്നാൽ ‘പിടി വീഴും’

തലശ്ശേരി :സർവീസ് കുറവായ ഈ സമയത്തും ട്രെയിൻ തട്ടി മരിക്കുന്നവരുടെ എണ്ണം കൂടുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ റെയിൽപാളത്തിൽ അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ആർപിഎഫ് തലശ്ശേരിക്കും മാഹിക്കും ഇടയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ റെയിൽപാളത്തിലൂടെ നടന്ന 10 പേരെ പിടികൂടി.പിന്നീട് കേസ് എടുത്തു റെയിൽവേ കോടതിയിൽ ഹാജരാകാൻ നിർദേശം നൽകി വിട്ടയച്ചു. കോവിഡിനെ തുടർന്നു ട്രെയിൻ സർവീസുകൾ നിർത്തി വച്ച സാഹചര്യത്തിൽ ആളുകൾ റെയിൽപാളത്തിൽ അനധികൃതമായി പ്രവേശിക്കുന്നതു വർധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്കു പുതിയ ബസ് സ്റ്റാൻഡിൽ നിന്നുള്ള എളുപ്പ വഴി അടച്ചതിനെത്തുടർന്ന് മാർക്കറ്റ് ഭാഗത്തു നിന്ന് ആളുകൾ കൂട്ടംകൂട്ടമായി റെയിൽപാളത്തിലൂടെ കാൽനടയായി പോകുന്നതും പതിവായി. ഇതു പലപ്പോഴും അപകടത്തിനിടയാക്കുന്നുണ്ട്. ഏതാനും നാൾ മുമ്പ് പാലക്കാട് ഡിവിഷനിലെ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ തലശ്ശേരിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴും ആളുകൾ പാളത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചു നടന്നു പോകുന്നതും പാളത്തിൽ ഇരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ് നിരന്തര പരിശോധന നടത്താനും നടപടി സ്വീകരിക്കാനും അധികൃതർ നിർദേശം നൽകിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: