കീഴാറ്റൂർ വയൽ പിടിച്ചെടുക്കൽ സമരം നാളെ; സുരക്ഷയൊരുക്കി പോലീസ്

തളിപ്പറമ്പ്: കീഴാറ്റൂര്‍ വയൽ പിടിച്ചെടുക്കൽ സമരത്തിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. ഡി.സുരേന്ദ്രനാഥ് അറിയിച്ചു. ‘വയല്‍ക്കിളി’ ഐക്യദാർഢ്യസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദേശീയപാത വിരുദ്ധ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ തളിപ്പറമ്പിലെത്തി കീഴാറ്റൂർ വയലിലേക്ക് മാർച്ച് ചെയ്യുക.

വയല്‍നികത്തി ദേശീയപാത ബൈപ്പാസ് പണിയുന്നതിന്‍റെ ഭാഗമായി ത്രീജി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വയല്‍ വിട്ടുകൊടുക്കില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം തുടങ്ങുന്നത്. കീഴാറ്റൂർ വയലിൽ സംഗമിക്കുന്ന പ്രവർത്തകർ വയൽവയലായി തന്നെ നിലനിർത്താൻ എന്ത് ത്യാഗത്തിനും തയാറാണെന്ന് പ്രതിജ്ഞ ചെയ്യും.

ഹൈവേ സമരങ്ങളുടെ നേതാവ് ഹാഷിം ചേന്ദമ്പള്ളി ഉദ്ഘാടനം നിർവഹിക്കും. സി.ആര്‍.നീലകണ്ഠന്‍, ഹരീഷ് വാസുദേവ്, എം.കെ.ദാസന്‍, പ്രഫ. കുസുമം ജോസഫ്, ഡോ.ഡി.സുരേന്ദ്രനാഥ്, സൈനുദീന്‍ കരിവെള്ളൂര്‍, സി.പി.റഷീദ്, കെ.സുനിൽകുമാർ എന്നിവർ നേതൃത്വം നൽകും.

സമരത്തിന്‍റെ ഭാഗമായി നാളെ തളിപ്പറമ്പിലും കീഴാറ്റൂരിലും ശക്തമായ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡിവൈഎസ്പി കെ.വി.വേണുഗോപാൽ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: