അബുദാബി ഗോ എയർ പ്രതിദിന സർവീസ‌് ഫെബ്രുവരി മുതൽ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന‌് അബുദാബിയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സർവീസ‌് ഫെബ്രുവരി ഒന്ന‌് മുതൽ ആരംഭിക്കും. മുംബൈയിലേക്കുള്ള അഭ്യന്തരസർവീസ‌് ജനുവരി പത്തിനും തുടങ്ങും. മാർച്ചിൽ തുടങ്ങാൻ പാകത്തിൽ മസ‌്ക്കറ്റ‌്, ദമാം സർവീസുകളും ഗോ എയർ പ്ലാൻചെയ്യുന്നുണ്ട‌്. ഇൻഡിഗോയുടെ ഹൈദരാബാദ‌്, ചെന്നൈ, ഹുബ്ലി, ബംഗളൂരു, ഗോവ സർവീസുകൾ ജനുവരി 25ന‌് തുടങ്ങും. 1799 രൂപയാണ‌് ചുരുങ്ങിയ ടിക്കറ്റ‌്നിരക്ക‌്.
ഒമാൻ എയർ അടക്കമുള്ള വിദേശ വിമാനക്കമ്പനികൾ കണ്ണൂരിൽനിന്ന‌് സർവീസ‌് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട‌്. കഴിഞ്ഞ ദിവസം മുംബൈയിൽ വച്ച‌് ഒമാൻ എയർ സിഇഒ അബ്ദുള്ളസിസ‌് അൽ റൈസി ഇക്കാര്യം മാധ്യമങ്ങളുമായി പങ്കിട്ടിരുന്നു. അബുദാബി, മസ‌്ക്കറ്റ‌്, സലാല എന്നിവിടങ്ങളിൽനിന്ന‌് കണ്ണൂരിലേക്ക‌് സർവീസ‌് നടത്താൻ സന്നദ്ധമാണെന്നാണ‌് അദ്ദേഹം അറിയിച്ചത‌്. എന്നാൽ വിദേശ സർവീസുകൾ കണ്ണൂർ വിമാനത്താവളത്തിൽ വരണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ‌്. വിദേശ വിമാനക്കമ്പനികൾക്ക‌് അനുമതി തേടി പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ‌്പ്രഭുവിനെയും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനത്തിന‌് മുമ്പ‌് തന്നെ കണ്ടിരുന്നു. അനുകൂലമായാണ‌് അവർ പ്രതികരിച്ചതെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല‌. ഉദ‌്ഘാടന വേളയിൽ മന്ത്രി സുരേഷ‌് പ്രഭുവിന്റെ ശ്രദ്ധയിൽ കിയാൽ എംഡി വി തുളസീദാസ‌് അടക്കമുള്ളവർ വീണ്ടും ഇക്കാര്യം കൊണ്ടുവന്നിരുന്നു. പ്രത്യേക അനുമതി നൽകിയശേഷം പിന്നീട‌് നയപരമായ തീരുമാനമുണ്ടാകണമെന്ന അഭ്യർഥനയാണ‌് മുന്നോട്ടുവച്ചത‌്.
യാത്രക്കാരിൽനിന്ന‌് മികച്ച പ്രതികരണമാണ‌് കണ്ണൂർ വിമാനത്താവളത്തിന‌് തുടക്കംമുതൽ ല ഭിക്കുന്നത‌്. അന്താരാഷ്ട്ര–-ആഭ്യന്തര വിമാനങ്ങൾ മുഴുവൻ നിറഞ്ഞാണ‌് കണ്ണൂരിൽനിന്ന‌് പുറപ്പെടുന്നതും വരുന്നതും. പ്രതിദിനം പത്തോളം സർവീസുകളാണ‌് ഇപ്പോഴുള്ളത‌്. ഇൻഡിഗോകൂടി സർവീസ‌് തുടങ്ങുന്നതോടെ കൂടുതൽ ആഭ്യന്തര വിമാനങ്ങൾ കണ്ണൂരിലെത്തും. കൂടുതൽ വിമാനസർവീസുകളുണ്ടായാൽ മാത്രമേ ടിക്കറ്റ‌്നിരക്കിൽ കുറവ‌് വരൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: