പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവം:രണ്ടിന് കൊടിയേറ്റം

പറശ്ശിനിക്കടവ്: പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവം രണ്ടിന്  രാവിലെ ഏഴിനും 7.40 നും ഇടയില്‍ കൊടിയേറും. ഒരു മാസത്തോളമായി വിവിധ അവകാശികളായ പെരുവണ്ണാന്‍, പെരുന്തട്ടാന്‍, പെരുങ്കൊല്ലാന്‍, വിശ്വകര്‍മ്മന്‍, മൂശ്ശാരി എന്നിവരുടെ നേതൃത്വത്തില്‍ പുതുക്കിയ തിരുമുടി, കച്ച, ഉടയാടകള്‍,സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, തിരുവായുധങ്ങള്‍ എന്നിവ സമര്‍പ്പിക്കും. തുടര്‍ന്ന് പുണ്യാഹവും ഗണപതി ഹോമവും നടത്തി പി.എം മുകുന്ദന്‍ മടയന്റെ സാന്നിധ്യത്തില്‍ മാടമന ഇല്ലത്തില്‍ തമ്പ്രാക്കളാണ് കൊടിയേറ്റുക. ഉച്ചയ്ക്ക് തറവാട്ടിലെ മുതിര്‍ന്ന സ്ത്രീ പ്രത്യേക സ്ഥാനത്ത് തയ്യാറാക്കിയ നിവേദ്യ സാധനങ്ങള്‍ ശ്രീകോവിലില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് 2.30 മുതല്‍ മലയിറക്കവും 3 മുതല്‍ പൂര്‍വ്വിക ആചാരപ്രകാരം തയ്യില്‍ തറവാട്ടുകാര്‍ ആയോധന കല അഭ്യാസത്തോടെ ക്ഷേത്രത്തില്‍ പ്രവേശിക്കും. തെക്കരുടെ വരവ് എന്നറിയപ്പെടുന്ന കോഴിക്കോട്, വടകര, തലശ്ശേരി ദേശക്കാരുടെ വര്‍ണപ്പകിട്ടാര്‍ന്ന കാഴ്ച വരവുകള്‍ മുത്തപ്പ സന്നിധിയില്‍ പ്രവേശിക്കും. സന്ധ്യക്ക് ശ്രീ മുത്തപ്പന്‍ വെള്ളാട്ടവും തുടര്‍ന്ന് അന്തി വേലയ്ക്കു ശേഷം രാത്രി 12ന് കുന്നുമ്മല്‍ തറവാട്ടുകാര്‍ക്ക് ദക്ഷിണ നല്‍കി പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കഴകക്കാരും പഞ്ചവാദ്യ സഹിതം കലശ്ശം എഴുന്നള്ളിച്ച് മഠപ്പുരയില്‍ പ്രവേശിക്കും. മൂന്നിന് രാവിലെ 5.30ന് തിരുവപ്പന ആരംഭിക്കും. രാവിലെ പത്തോടെ തയ്യില്‍ തറവാട്ടുകാരുടെയും തുടര്‍ന്ന് വിവിധ ദേശങ്ങളില്‍ നിന്നും വരുന്ന കാഴ്ച വരവുകാര്‍ അനുഗ്രഹം തേടുന്നു. ഉത്സവത്തോടനുബന്ധിച്ച് 5,6,7 തീയതികളില്‍ കഥകളിയോഗത്തിന്റെ നേതൃത്വത്തില്‍ പ്രഗല്‍ഭ കലാകാരന്മാരെ ഉള്‍പ്പെടുത്തി കഥകളിയും അരങ്ങേറും.ആറിന് കലശത്തോടുകൂടി മഹോത്സവം കൊടിയിറങ്ങും. തുടര്‍ന്ന് എല്ലാ ദിവസവും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കും.  വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റിമാരായ പി.എം ഹേമന്ദ്, ജനാര്‍ദ്ദനന്‍, വിനോദ്, നിര്‍മ്മല്‍, ശരത്ത്, രാജേഷ് പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: