വിനോദ സഞ്ചാര കേന്ദ്രമാവാൻ കരിമ്പം ജില്ലാ കൃഷിഫാം

‘വിനോദസഞ്ചാരികളെ ആകർഷിക്കാനായി 113 വർഷം പഴക്കമുള്ള ചരിത്രസ്മാരകമുൾപ്പെടെയുള്ള കരിമ്പം ജില്ലാ കൃഷിഫാം കണ്ണൂർ ജില്ലാ പഞ്ചായത്ത് നവീകരിക്കുന്നു.
തളിപ്പറമ്പ് കുറുമാത്തൂർ പഞ്ചായത്തിൽ 140 ഏക്കറിലധികം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫാം 1905 ൽ ആണ് സ്ഥാപിച്ചത്. ഫാമിനോടനുബന്ധിച്ച് സ്ഥാപകനായ ഡോ. ചാൾസ് ആൽഫ്രഡ് ബാർബർ നിർമ്മിച്ച ബാർബർ ബംഗ്ലാവും സ്ഥിതി ചെയ്യുന്നു. കാലപ്പഴക്കത്താൽ താമസയോഗ്യമല്ലാതായ ബംഗ്ലാവ് നവീകരിക്കുന്നതുൾപ്പെടെ സമഗ്രമായ വികസന വിനോദ സഞ്ചാര പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. വിനോദസഞ്ചാരികൾക്കായി മികച്ച താമസസൗകര്യവും ഒരുക്കും. ഫാമിലേക്ക് വെള്ളമെത്തിക്കുന്ന ജലസ്രോതസ്സുകൾ നവീകരിച്ച് വിപുലപ്പെടുത്തും. ടൂറിസ്റ്റുകൾക്ക് പ്രദേശത്തെ കുളങ്ങളിൽ ചൂണ്ടയിടാനുള്ള സൗകര്യവും പക്ഷി നിരീക്ഷണത്തിനായി ഏറുമാടങ്ങൾ എന്നിവയും ഒരുക്കും.
കരിമ്പം ഫാമിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ഡോക്യുമെന്ററി, ഫാമിനായി വെബ്‌സൈറ്റ്, ചിത്രങ്ങളും വിശദീകരണങ്ങളും ഉൾപ്പെടുത്തി കോഫീ ടേബിൾ ബുക്ക്, ലൈബ്രറി സംവിധാനം എന്നിവയും തയ്യാറാക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി.
1958 ൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും മകൾ ഇന്ദിരാഗാന്ധിയും കരിമ്പം ഫാമിലെത്തി താമസിച്ചിരുന്നു. ഒരുകാലത്ത് ജില്ലയിലെത്തിയ രാഷ്ട്രപതി വി വി ഗിരിയും കേരള മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് ഉൾപ്പെടെയുള്ളവരും ഫാമിലെ ബംഗ്ലാവിലെത്തി താമസിച്ചിരുന്നു. ഇവരുടെയൊക്കെ കൈയൊപ്പ് പതിഞ്ഞ രേഖകൾ ഇന്നും ഫാമിൽ സൂക്ഷിച്ചിട്ടുണ്ട്. ഫാം നവീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നതോടെ തൊഴിൽ സാധ്യതകൾക്കും വഴി തുറക്കും.
കരിമ്പം ഫാം നവീകരണത്തിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, അഗ്രിക്കൾച്ചറൽ ഡി സി എ പീതാംബര ബാബു, ഡി എ എഫ് സൂപ്രന്റ് എം കെ അനിത തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: