എടക്കാട് സ്വാഭിമാന്‍ പദ്ധതിക്ക് തുടക്കമായി

എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും എടക്കാട് അഡീഷണല്‍ ഐ സി ഡി എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്വാഭിമാന്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്മാന് ആര് എല്‍ ബൈജു നിര്‍വ്വഹിച്ചു. കൗണ്‍സിലിങ്ങ്, വിദഗ്ധരുടെ ക്ലാസുകള്‍ എന്നിവയിലൂടെ സ്ത്രീകളെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ പ്രാപ്തരാക്കുകയും കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
മാനുഷിക മൂല്യങ്ങള്‍ ഉറപ്പാക്കുക, ലഹരി മരുന്ന് ഉപയോഗം തടയാനുള്ള പ്രവര്‍ത്തനത്തിന് കുടുംബങ്ങളില്‍ നിന്നും തുടക്കം കുറിക്കുക, സ്ത്രീകളുടെ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുക, ശിശു വികസന മേഖലകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക, മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. രണ്ടര ലക്ഷം രൂപ ഇതിനായി ബ്ലോക്ക് പഞ്ചായത്ത് മാറ്റിവെച്ചു. ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ധര്‍, അഭിഭാഷകര്‍, സ്ത്രീസുരക്ഷാ ഓഫീസര്‍, സോഷ്യോളജിസ്റ്റ്, വ്യക്തിത്വവികസന-അധ്യാത്മിക രംഗങ്ങളിലെ വിദഗ്ധര്‍, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസെടുക്കുക. വിവിധ മേഖലയിലെ അറിവുകള്‍ പകരുന്നതിനൊപ്പം സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പങ്കുവെക്കാനും അവസരം ലഭിക്കും. പ്രശ്ന പരിഹാരത്തിനായുള്ള നിര്‍ദേശങ്ങള്‍ വിദഗ്ധര്‍ നല്‍കും. ഇതിലൂടെ ഗാര്‍ഹിക പീഡനം ഉള്‍പ്പടെ തടയാനാകുമെന്നാണ് പ്രതീക്ഷ. വിവാഹ ജീവിതം സംബന്ധിച്ച പ്രത്യേക കൗണ്‍സിലിങ്ങും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. എം സി സജേഷ് പദ്ധതി വിശദീകരിച്ചു. വിവാഹത്തിന് മുമ്പ്, വിവാഹത്തിന് ശേഷം, കുടുംബങ്ങളിലെ നീതി ന്യായം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന്, സ്ഥിരം സമിതി അധ്യക്ഷരായ സി എം പ്രസീത ടീച്ചര്‍, കെ മുംതാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇ കെ സുരേശന്, വി സഞ്ജന, പെരളശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, എടക്കാട് ബ്ലോക്ക് അഡീഷണല്‍ സി ഡി പി ഒ വി കെ സുജയ, പഞ്ചായത്ത് ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ പി എസ് സുനിത എന്നിവര്‍ സംബന്ധിച്ചു.