ക്ഷീര സംഘങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കും പ്രാധാന്യം നല്‍കണം: സ്പീക്കര്‍ എ എന്‍ ഷംസീര്‍

ക്ഷീരോല്‍പാദനത്തിന് പുറമെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തിലും ക്ഷീര സംഘങ്ങള്‍ ശ്രദ്ധ നല്‍കണമെന്ന് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. ക്ഷീര വികസന വകുപ്പ്, ആലക്കോട് ക്ഷീരവികസന യൂണിറ്റ്, ക്ഷീര സംഘങ്ങള്‍, മില്‍മ, ത്രിതല പഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷീര കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് അവരെ ബോധവല്‍ക്കരിക്കണം. ഇതിനായി ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണം. ഇതിലൂടെ കൂടുതല്‍ സംഘങ്ങളെ ഈ മേഖലയിലേക്ക് എത്തിക്കാന്‍ സാധിക്കും. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മികച്ച സമീപനമാണ് സ്വീകരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. പച്ചക്കറി, പാല്‍, മുട്ട തുടങ്ങിയ അവശ്യ സാധനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലക്കോട് പച്ചാണി സെന്റ് മേരിസ് പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ അഡ്വ. സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആലക്കോട് യൂണിറ്റിലെ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന അരങ്ങം ക്ഷീര സംഘം, യൂണിറ്റിലെ തന്നെ കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകര്‍, ക്ഷീരസംഘങ്ങളില്‍ കൂടുതല്‍ പാലളന്ന കര്‍ഷകര്‍ എന്നിവരെ സ്പീക്കര്‍ ആദരിച്ചു. കന്നുകാലി പ്രദര്‍ശനത്തില്‍ കറവ പശു, കന്നുക്കുട്ടി, കിടാരി എന്നീ മൂന്ന് വിഭാഗത്തിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കി.  
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജീജ സി കൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ജോജി കന്നിക്കാട്, ഉദയഗിരി പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ചന്ദ്രശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ കൈപ്രത്ത്, ആലക്കോട് പഞ്ചായത്ത് അംഗം എം എസ് മിനി, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം പി വി ബാബുരാജ്, വിവിധ ക്ഷീരസംഘം പ്രസിഡണ്ടുമാരായ പി പി സത്യന്‍, കെ ജെ മാത്യു, മനോജ് മാത്യു പാട്ടത്തില്‍, വി ടി ടോമി, കെ എസ് രാധാകൃഷ്ണന്‍, സെക്രട്ടറിമാരായ ബാബു പാറപ്പള്ളി, സി എസ് സജി, സി ആര്‍ ശിവന്‍കുട്ടി, മില്‍മ പി ആന്‍ഡ് ഐ ജില്ലാ ഓഫീസ് മേധാവി മാത്യു വര്‍ഗീസ്, ആലക്കോട് ക്ഷീരവികസന ഓഫീസര്‍ അല്‍ഫോന്‍സ ജോസഫ്, കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് എം കരുണാകരന്‍, പച്ചാണി സെന്റ് മേരീസ് ചര്‍ച്ച് വികാരി ജോജി കിഴക്കരക്കരോട്ട്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: