മാനദണ്ഡങ്ങൾ മറികടന്ന് പ്രവർത്തിക്കുന്നുവെന്ന പരാതിയിൽ ധനകാര്യ സ്ഥാപനത്തിനെതിരെ കേസ്.

ബേഡകം. കമ്പനി രജിസ്ട്രേഷൻ നിയമപ്രകാരം മാനദണ്ഡങ്ങൾ പാലിക്കാതെ കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച് ഇടപാടുകാരെയും സമൂഹത്തെയും വിശ്വാസ വഞ്ചന നടത്തുവെന്ന പരാതിയിൽ ബേഡകം പോലീസ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് എന്ന ധനകാര്യ സ്ഥാപനത്തിനെതിരെ വിശ്വാസ വഞ്ചനക്ക് കേസെടുത്തു.പ്രതികരണവേദിയുടെ പേരിൽ പെരിയ മൂലക്കണ്ടം സ്വദേശി മുരളീധരൻ്റെ പരാതിയിലാണ് ബേഡകം പോലീസ് കേസെടുത്തത്. കമ്പനി രജിസ്ട്രേഷൻ നിയമങ്ങൾ പാലിക്കാതെ കോടികളുടെനിക്ഷേപം സ്വീകരിക്കുകയും കാസറഗോഡ് ജില്ലയിലും കേരളത്തിന് പുറത്തും സ്ഥാപനം പ്രവർത്തിക്കുന്നുവെന്നും ബിഗ് പ്ലസ് എന്ന പേരിൽ ധനകാര്യ സ്ഥാപനവും ഇടപാടുകാരിൽ നിന്ന് വൻതുക നിക്ഷേപം സ്വീകരിക്കുന്നുവെന്ന പരാതിയിലാണ് കമ്പനി ചെയർമാൻ കുണ്ടംകുഴിയിലെ വിനോദ് കുമാർ തുടങ്ങി ഡയറക്ടർമാരായ ഏഴ് പേർക്കുമെതിരെ വിശ്വാസ വഞ്ചനക്ക് പോലീസ് കേസെടുത്തത്.ചട്ടവിരുദ്ധമായി കോടികൾ നിക്ഷേപം സ്വീകരിക്കുകയും നിയമവിരുദ്ധമായി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതായും ചൂണ്ടി കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.