അടിപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ തകര്‍ന്നു വീണു

കാഞ്ഞങ്ങാട്: ദേശീയപാതാ വികസന നിര്‍മ്മാണത്തിനിടെ പെരിയ ബസാറിൽ അടിപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ തകര്‍ന്നു വീണു.. തൊഴിലാളികള്‍ നിസാരപരിക്കുകളോടെ അൽഭുതകരമായി രക്ഷപ്പെട്ടു. പെരിയ ബസാറിന് സമീപം നിര്‍മ്മിക്കുന്ന അടി പാലമാണ് ഇന്ന് പുലര്‍ച്ചെ 3 മണിയോടെ തകര്‍ന്ന് വീണത്.
കോണ്‍ക്രീറ്റ് ചെയ്യാനായി നല്‍കിയ തൂണുകള്‍ക്ക് ബലക്ഷയമുണ്ടായതാണ് അടിപ്പാത കോൺക്രീറ്റ് തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപിച്ച തൂണുകള്‍ പൊട്ടി തകർന്ന നിലയലാണ്. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നത്.അപകടം സംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഞ്ചോളം തൊഴിലാളികള്‍ ഈ സമയത്ത് നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. തൊഴിലാളികള്‍ തകര്‍ന്നുവീണ കോണ്‍ക്രീറ്റിനടിയില്‍പെട്ടിരുന്നുവെങ്കില്‍ വന്‍ദുരന്തം സംഭവിക്കുമായിരുന്നു. രാത്രികാലങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കാറുണ്ട്. നിര്‍മ്മാണത്തിലെ അപാകതയാണോ പാലം തകരാന്‍ കാരണമെന്ന് വ്യക്തമായിട്ടില്ല. പാലം തകര്‍ന്ന് വീണത് ജനങ്ങളിൽ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട് തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ 600 കിലോമീറ്റര്‍ റോഡ് ആറുവരിപാതയാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ആദ്യമായുണ്ടായ അപകടമാണിത്. ഇവിടെ പാലം നിര്‍മ്മിക്കുമ്പോള്‍ തന്നെ നാട്ടുകാര്‍ പരാതിയുമായി രംഗത്തുവന്നിരുന്നു. ദേശീയപാതയില്‍ നിര്‍മ്മിക്കുന്ന അടിപ്പാതയില്‍ ആവശ്യമായ കനത്തിലുള്ള തൂണുകളല്ല കോണ്‍ക്രീറ്റിനായി സ്ഥാപിച്ചതെന്നായിരുന്നു നാട്ടുകാരുടെ ആക്ഷേപം. ഇതുസംബന്ധിച്ച് വ്യാപാരികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയും ഇക്കാര്യം കരാറുകാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.അപകടവിവരമറിഞ്ഞ് ബേക്കൽ പോലീസും സ്ഥലത്തെത്തിയിരുന്നു.ഇന്ന് രാവിലെ റവന്യു വിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: