ചപ്പാരപ്പടവ് മംഗര- ബദരിയ നഗർ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഉടൻ യാഥാർഥ്യമാകും

തളിപ്പറമ്പ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മംഗര നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ മംഗര പാലം ഉടൻ പൂർത്തിയാക്കും.

ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗര-ബദരിയ നഗർ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നേരത്തെ പാലം നിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നെങ്കിലും 2019 ലെ പ്രളയത്തെ തുടർന്ന് പാലത്തിന്റെ ഉയരം വർധിപ്പിച്ചു എസ്റ്റിമേറ്റ് പുതുക്കുകയായിരുന്നു.

175 മീറ്റർ നീളത്തിലും 11.05 മീറ്റർ വീതിയിലും ആണ് പുതിയ പാലത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. 200 മീറ്റർ അപ്രോച്ച് റോഡ് കൂടി ചേർന്നതാണ് പുതിയ എസ്റ്റിമേറ്റ്. 13.40 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 60 സെന്റ് സ്ഥലം അപ്രോച്ച് റോഡിനായി ഏറ്റെടുക്കണം.

കുറുമാത്തൂർ പഞ്ചായത്ത് ഹാളിൽ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സ് സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന തളിപ്പറമ്പ മണ്ഡലത്തിലെ പാലങ്ങളുടെ പ്രവൃത്തി അവലോകന യോഗ തീരുമാനപ്രകാരം മംഗരപാലത്തിന്റെ പ്രവൃത്തി സ്ഥലം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജന പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്ദർശിച്ചു.

തുടർന്ന് ചപ്പാരപ്പടവ് പഞ്ചായത്ത് ഹാളിൽ അവലോകന യോഗം ചേർന്നു. ലാൻഡ് റെവന്യൂ തഹസിൽദാർ റെജി, പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജേഷ് ചന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഏറ്റെടുക്കാനുള്ള സ്ഥലം പൂർണ്ണമായും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും അവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ടും സമയ ബന്ധിതമായി ഏറ്റെടുക്കാനും പദ്ധതി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: