അജിതയ്ക്കും കുടുംബത്തിനും സഹായഹസ്തവുമായി ബ്ലഡ് ഡൊണേഴ്‌സ് കേരള ഇരിട്ടി താലൂക്ക് കമ്മിറ്റി

ഇരിട്ടി: അധികൃതരുടെ കനിവ് കാത്ത് ഇടിഞ്ഞു വീഴാറായ വാടക വീടിനുള്ളിൽ കഴിയുന്ന ഇരിട്ടി കീഴൂരിലെ അജിതയുടെയും മൂന്ന് മക്കളുടെയും ദുരവസ്ഥ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയെ തുടർന്ന് ഈ കുടുംബത്തിന് പുത്തനടുപ്പുകളും അരിയും സാധനങ്ങളുമായി ബ്ലഡ് ഡൊണേഴ്‌സ് കേരള ഇരിട്ടി താലൂക്ക് കമ്മിറ്റി രംഗത്തെത്തി.

ഇന്ന് രാവിലെ ബി ഡി കെ ഇരിട്ടി താലൂക്ക് കമ്മിറ്റി കോർഡിനേറ്റർമാർ അജിതയെയും മക്കളെയും കൂട്ടി സെഞ്ചുറി ഫാഷൻ സിറ്റിയിൽ എത്തിചേരുകയും അവരുടെ മനസ്സിനിണങ്ങിയ പതിനായിരം രൂപയോളം വരുന്ന പുതുവസ്ത്രങ്ങൾ വാങ്ങി നൽകുകയും ചെയ്തു. സദുദ്ദേശം മനസിലാക്കി സെഞ്ചുറി മാനേജ്മെന്റ് തുകയിൽ ഡിസ്‌കൗണ്ട് നൽകി ഒപ്പം ചേർന്നത് സംഘടനയുടെ പ്രവർത്തനത്തിനുള്ള അംഗീകാരം ആയി മാറി. ബഹ്‌റൈൻ പ്രവാസിയായ രിഷാൻ യു പി ആണ് പുതുവസ്ത്രങ്ങൾക്കായുള്ള തുക സ്പോണ്സര് ചെയ്തത്. വാർത്ത പുറത്തു വന്ന അന്ന് തന്നെ ബി ഡി കെ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ യുടെ നേതൃത്തിൽ താൽക്കാലിക ആശ്വാസമായി ഒരാഴ്ചത്തേക്ക് ഉള്ള ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകിയിരുന്നു.

അമൽദേവ് പുന്നാട്, മനു പോൾ കീഴ്പ്പള്ളി, അശ്വിൻ ദേവസ്യ മാട്ടറ, ഹാഷിർ ബ്ലാത്തൂർ, ജാബിർ, ചന്ദ്രൻ എടത്തൊട്ടി, അരുൺ, ധനേഷ്, ജിതിൻ,ജിജോ തുടങ്ങിയവരാണ് ബി ഡി കെ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

കഴിഞ്ഞ വർഷം നിർമ്മാണ പ്രവർത്തിക്കിടെ ഒരു അപകടത്തിൽ ആണ് അജിതയുടെ ഭർത്താവ് മരണപ്പെടുന്നത്. തുടർന്ന് ഭക്ഷണത്തിനോ വസ്ത്രത്തിനോ പോലും വകയില്ലാതെ സുമനസ്സുകളുടെ കരുണ കാത്തിരിക്കുകയാണ് ഈ കുടുംബം. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഈ കുടുംബം അയല്പക്കകാരുടെ കരുണയിൽ ആണ് ജീവിതം മുന്നോട്ട് നീക്കുന്നത്. മക്കളുടെ പഠന ചിലവുകൾ ഏറ്റെടുക്കാനും കയറി കിടക്കാനുള്ള ഒരു വീട് പണിയാനായും സർക്കാർ സംവിധാനങ്ങളോ സന്നദ്ധ സംഘടനകളോ മുന്നോട്ട് വരും എന്ന പ്രതീക്ഷയിൽ ആണ് ഈ കുടുംബമിപ്പോൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: