ലോഡ്ജുകൾ കേന്ദ്രീകരിച്ച് മോഷണം – ഒറ്റപ്പാലം സ്വദേശിയെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു

ഇരിട്ടി : ആഡംബര ജീവിതം നയിക്കാനായി സംസ്ഥാനത്തെ വിവിധ ലോഡ്ജുകൾ കേന്ദ്രീകരിച്ച് മോഷണം തൊഴിലാക്കിയ യുവാവിനെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശി കലക്കങ്ങേട് വീട്ടിൽ ശിവകുമാർ (38 ) ആണ് അറസ്റ്റിലായത്.

ഒരുമാസം മുൻപ് ഇരിട്ടിയിലെ ഒരു ലോഡ്ജിൽ നിന്നും ശിവകുമാർ വിലപിടിപ്പുള്ള എൽ ഇ ഡി ടി വി അടക്കം മോഷ്ടിച്ച് മുങ്ങിയിരുന്നു. രണ്ടു ദിവസം മുറിയെടുത്തു തങ്ങിയശേഷമാണ് ഇയാൾ സാധനങ്ങൾ മോഷ്ടിച്ച് മുങ്ങിയത്. സംസ്ഥാനത്തെ പല ആഡംബര ലോഡ്ജുകളിലും ഇത്തരം മോഷണങ്ങൾ നടത്തിയതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു . തിരൂർ , പൊന്നാനി, പുൽപ്പള്ളി, എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ ശിവകുമാർ മോഷണം നടത്തിയിട്ടുണ്ട്.

കോയമ്പത്തൂരിലെ ഒരു ലോഡ്ജിൽ മോഷണം നടത്തി മുങ്ങവേയാണ് ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്. സമാനമായ സംഭവം ഇരിട്ടിയിൽ നടന്നതിന്റെ വെളിച്ചത്തിൽ ഇരിട്ടി പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ തന്നെയാണ് പ്രതി എന്ന് പൊലീസിന് മനസ്സിലാവുന്നത്. പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരിട്ടി എസ് ഐ ജോസഫ്, എ എസ് ഐ മോഹനൻ, ഹെഡ്കോൺസ്റ്റബിൾ സജിലാൽ, ഷൗക്കത്തലി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: