സംഭാവന നല്‍കുന്ന തുക ദുരിതാശ്വാസത്തിന് തന്നെയാണ് കേരള സർക്കാർ ഉപയോഗിക്കുന്നതെന്ന് ഉറപ്പില്ലെന്ന് സുപ്രീംകോടതി; സാലറി ചലഞ്ചില്‍ വിസമ്മത പത്രം ആവശ്യമില്ല.

സാലറി ചലഞ്ചില്‍ വിസമ്മത പത്രം നിര്‍ബന്ധമാക്കിയ വ്യവസ്ഥ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി

ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. സംഭാവന നല്‍കുന്ന തുക ദുരിതാശ്വാസത്തിന് വേണ്ടി തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പില്ലെന്നും കോടതി പറഞ്ഞു.

പ്രളയദുരിതാശ്വാസത്തിന് ശമ്പളം നല്‍ക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പിഴവില്ലെന്നും ഇടപടാനാവില്ലെന്നും ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിസമ്മതപത്രം നല്‍കിയില്ലെങ്കില്‍ ഇരുപത്തിരണ്ടാം തീയതിക്ക് ശേഷം ശമ്പളം പിടിക്കുമെന്ന വ്യവസ്ഥ റദ്ധ് ചെയ്തു.
തുക നല്‍കാത്തവര്‍ സ്വയം വെളിപ്പെടുത്തി അപമാനിതരാകുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സുപ്രീംകോടതി ജഡ്ജിമാര്‍ 25000 രൂപ വീതം സംഭാവന ചെയ്ത കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി. സംഭാവന നല്‍കുന്ന തുക ദുരിതാശ്വാസത്തിന് തന്നെയാണ് ഉപയോഗിക്കുകയെന്ന ഉറപ്പില്ലെന്നും മധ്യപ്രദേശിലെ സാഹചര്യം ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചു. ജനങ്ങള്‍ക്കിടയില്‍ വിശ്വാസം ഉണ്ടാക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി പറഞ്ഞു. സര്‍ക്കുലറില്‍ ഭേദഗതിവരുത്താന്‍ സര്‍ക്കാര്‍ കോടതിയുടെ അനുമതി തേടി.

സുപ്രീംകോടതിയുടെ സര്‍ക്കുലറിലും വിസമ്മതപത്രം വാങ്ങണമെന്ന വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചപ്പോള്‍ ആരെങ്കിലും ചോദ്യം ചെയ്താല്‍ പരിശോധിക്കാമെന്നായിരുന്നു ബെഞ്ചിന്റെ മറുപടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: