തലശ്ശേരി – മൈസൂർ റെയിൽവേ നിർമ്മാണത്തിന്റെ ഭാഗമായുള്ള മണ്ണ് പരിശോധന തുടങ്ങി

തലശ്ശേരി: ഏഴ് പതിറ്റാണ്ടിലേറെയായുള്ള മലബാറിന്റെ സ്വപ്ന പദ്ധതിക്കു തുടക്കം

കുറിക്കുന്നു. തലശ്ശേരി.– മൈസൂരു റെയിൽവേ ലൈനിന്റെ ഭാഗമായുള്ള മണ്ണ് പരിശോധനയ്ക്കായുള്ള പൈലിങിന് കൂത്തുപറമ്പ് മേഖലയിൽ ഇന്നലെ തുടക്കം കുറിച്ചു. മുംബൈ ആസ്ഥാനമായുള്ള കൊങ്കൺ റെയിൽവേ പ്രൈവറ്റ് ലിമിറ്റഡാണ് പരിശോധന നടത്തുന്നത്. കൂത്തുപറമ്പിനടുത്തു തൊക്കിലങ്ങാടിയിൽ രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ മണ്ണ് പരിശോധന നടത്തിയത്. തലശ്ശേരിയിൽ നിന്നു തുടങ്ങി വയനാട് വഴി മൈസൂരു വരെയുള്ള നൂറ്റി എൺപത്തി ആറു കിലോമീറ്റർ ദൂരത്തിൽ വിവിധ കേന്ദ്രങ്ങളിലായി ഇത്തരത്തിൽ മണ്ണ് പരിശോധന നടത്തും. സാറ്റലൈറ്റ് സർവേയിലൂടെയായിരുന്നുനിർദിഷ്ട റെയിൽവേ ലൈനിനായുള്ള സ്ഥലനിർണയം നടത്തിയത്. പദ്ധതി റെയിൽവേ ബോർഡ് തത്വത്തിൽ അംഗീകരിച്ചാൽ മാത്രമേ സർവേ നടപടികൾ ഉൾപ്പെടെ യാഥാർഥ്യമാവുകയുള്ളു. കാലതാമസം ഒഴിവാക്കുന്നതിനാണ് മുൻകൂട്ടിയുള്ള മണ്ണുപരിശോധന. മലബാറിന്റെ മുഖച്ഛായ തന്നെ മാറ്റാനുതകുന്ന ബൃഹത് പദ്ധതി യാഥാർഥ്യമാവുന്നതിന് വലിയ നിലയിലുള്ള ബഹുജന പ്രക്ഷോഭം ഉയർന്നിരുന്നു. മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിട്ടും റെയിൽവേ മന്ത്രാലയം പദ്ധതിക്ക് പച്ചക്കൊടി കാണിക്കാതിരുന്നതാണ് ഇത് അനന്തമായി നീളാൻ ഇടയാക്കിയത്. അടുത്ത റെയിൽവേ ബജറ്റിനു മുൻപ് കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കുന്നതിന്റെഭാഗമായാണ് മണ്ണുപരിശോധന ഉൾപ്പെടെ വേഗത്തിലാക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: