കാറ്റിലും മഴയിലും വ്യാപക നാശം
ഇരിട്ടി: കനത്തമഴയിലും കാറ്റിലും മാക്കുട്ടം ചുരത്തില്‍ മരം കടപുഴകി വീണ് ഇരിട്ടി-വീരാജ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ മൂന്നു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. മാക്കൂട്ടത്ത് റോഡിലേക്ക് വലിയ തേക്ക് മരം കടപുഴകി വീണതിനാല്‍ വൈദ്യുത തൂണുകള്‍ ഉൾപ്പെടെ തകര്‍ന്ന് ഗതാഗതം സ്തംഭിച്ചിരുന്നു. ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. ഇരിട്ടിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ടൂറിസ്റ്റ് വാഹനങ്ങളും ബസുകളും ചരക്ക് ലോറികളും ചുരം പാതയില്‍ മൂന്നു മണിക്കൂര്‍ കുടുങ്ങിയിരുന്നു. രാത്രി മുതല്‍ ഇരിട്ടി മേഖലയില്‍ കനത്ത മഴയാണ്. മേഖലയിലെ പുഴകളെല്ലാം നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഇപ്പോഴും മഴ തുടരുന്നതിനാല്‍ ഉരുള്‍പൊട്ടല്‍ ഭീതി നിലനില്‍ക്കുന്നുണ്ട്.
മട്ടന്നൂർ: കാരയിൽ പഴശി പദ്ധതിയുടെ കനാൽ പാലം തകർന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒരു മീറ്റർ വീതിയിലും 20 മീറ്റർ നീളത്തിലുമുള്ള കോൺക്രീറ്റ് പാലമാണ് പൂർണമായും കനാലിലേക്ക് പതിച്ചത്. നിർമാണത്തിലെ അപാകതയാണ് തകരാൻ കാരണമെന്നു നാട്ടുകാർ ആരോപിച്ചു. മട്ടന്നൂർ നഗരസഭയിലെ കാര പ്രദേശത്തുള്ളവർക്ക് കനാലിന്റെ ഇരുഭാഗങ്ങളിലേക്കും കടക്കുന്നതിനാണ് പാലം നിർമിച്ചത്. ഇരുചക്രവാഹനങ്ങളും നിരവധി കാൽനടയാത്രക്കാരും കടന്നുപോകുന്ന പാലം തകർന്നതോടെ ഇരു പ്രദേശങ്ങളിലെയും ജനങ്ങൾ ദുരിതത്തിലായി. പാലം തകർന്നതോടെ വളരെദൂരം സഞ്ചരിച്ചാണ് നാട്ടുകാർ കനാൽകടക്കുന്നത്. പുതിയപാലം നിർമിച്ച് ഉടനടി യാത്രാസൗകര്യം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നാട്ടുകാർ ജലസേചന വകുപ്പിനു നിവേദനവും നൽകി.വേശാല, കൊളോളം, കോരാറമ്പ് പ്രദേശങ്ങളിൽ വ്യാപക നാശം. വീടു തകരുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. ഇന്നലെ രാവിലെ 6.30 ഓടെയുണ്ടായ കാറ്റിലാണ് നാശനഷ്ടമുണ്ടായത്. വേശാലയിലെ സി.പി. കരുണന്റെ വീടും വേശാല ഈസ്റ്റ് എൽപി സ്കൂളിലെ ശുചിമുറി മരം വീണു തകർന്നു. സമീപ പ്രദേശങ്ങളിൽ വൈദ്യുത ലൈനിൽ മരം പൊട്ടി വീണതിനാൽ അഞ്ച് വൈദ്യുത തൂൺ തകർന്നു. കൊളോളം – മയ്യിൽ റൂട്ടിൽ കോരാറമ്പ് പോക്കർ കണ്ടി സ്റ്റോപ്പിൽ മരം കടപുഴകി റോഡിനു കുറുകെ വീണതിനാൽ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഫലിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരും കെഎസ്ഇബി ജീവനക്കാരും ചേർന്നാണ് മരങ്ങൾ മുറിച്ചു നീക്കിയത്.
ശ്രീകണ്ഠപുരം: കനത്ത കാറ്റിലും മഴയിലും ശ്രീകണ്ഠപുരം മേഖലയിൽ വ്യാപകനാശം. വയക്കര കുട്ട്യാർമൂലയിലെ കെ.പി. ജനാർദനന്റെ വീട് മരം വീണു തകർന്നു. കുഞ്ഞിപ്പുരയിൽ ഓമനയുടെ വീടിന്റെ ഓടുകൾ കാറ്റിൽ പറന്നുപോയി. കുറ്റ്യാടൻ മുകുന്ദന്റെ മുപ്പതോളം റബർ മരങ്ങൾ കാറ്റിൽ പൊട്ടിവീണു. കണിയാർവയലിലെ കെ.പി. ഹംസഹാജിയുടെ 75 സെന്റ് സ്ഥലത്തെ 150 ഓളം വാഴകൾ കാറ്റിൽ നശിച്ചു. 10 കമുക്, മാവ്, പ്ലാവ് ഉൾപ്പെടെ പൊട്ടിവീണു. കെ. മണിയുടെ തെങ്ങുകളും പ്ലാവുകളും കടപുഴകി വീണു. തവറൂലിലെ കെ. നാരായണന്റെ വീട് മരം വീണ് തകർന്നു.
കൊളന്തക്കടവ് പുതിയ ഭഗവതിക്കാവിലെ ക്ഷേത്രത്തിനു മുകളിൽ മരം വീണ് മേൽക്കൂരയ്ക്ക് കേടുപാട് പറ്റി. ഭോജനശാല പൂർണമായും തകർന്നു. നിരവധി പേരുടെ കാർഷികവിളകളും നശിച്ചു. വൈദ്യുത തൂണുകളും ലൈനുകളും പൊട്ടിവീണു വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.