പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണം പോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും മോഷണം പോയ മെഡിക്കല്‍ ഉപകരണം മുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പോലിസ് പരാതിയില്‍ കേസെടുത്ത് അന്വേഷണം പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പരിശോധന ഊര്‍ജിതമാക്കിയ ഘട്ടത്തിലാണ് മെഡിക്കല്‍ ഉപകരണം രണ്ടുമാസത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെ മോഷ്ടാവ് തിരികെ കൊണ്ടുവച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനാണ് ഏഴുലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉപകരണം മോഷണം പോയത്. ആശുപത്രിയിലെ അനസ്തേഷ്യ റൂമില്‍ സൂക്ഷിച്ചിരുന്ന ഓപ്പറേഷനുമായി ബന്ധപ്പെട്ട videolarenjose copy എന്ന ഉപകരണമാണ് മോഷണം പോയത്. മെഡിക്കല്‍ കോളജ് കെട്ടിടത്തിലെ ആറാം നിലയിലെ ഓപ്പറേഷന്‍ തിയേറ്ററിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്നതാണ്. താക്കോല്‍ ഓപ്പറേഷന്‍ തിയേറ്ററിലെ സീക്രട്ട് ബോക്സിലാണ് സൂക്ഷിച്ചിരുന്നത്. പി.ജി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം ഇവിടെ യഥാസമയവും ഉണ്ടാകാറുണ്ട്. ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നില്ല. ഇത് പോലിസ് അന്വേഷണത്തിന് തടസമായി. ഇന്നലെ രാത്രിയോടെ പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി ബാബു കസ്റ്റഡിയിലെടുത്ത ഉപകരണം ഫോറന്‍സിക്ക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ നീക്കം തുടങ്ങി. വിരലടയാള വിദഗ്ദരുടെ സഹായത്തോടെ കേസന്വേഷണം ഊര്‍ജിതമാക്കി. അപവാദ പ്രചരണവും മോഷണവും കാരണം മെഡിക്കല്‍ കോളജ് തുടര്‍ച്ചയായി മാധ്യമങ്ങളില്‍ ഇടംപിടിക്കുന്ന പശ്ചാത്തലത്തില്‍ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് മെഡിക്കല്‍ കോളജിലെത്തി അന്വേഷണം നടത്തും. മെഡിക്കല്‍ കോളജിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥനും അന്വേഷണവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: