നിയമസഭയില്‍ അക്രമം കാണിച്ച മന്ത്രിയും മുൻ എം.എൽ എ മാരും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും;സതീശന്‍ പാച്ചേനി

കണ്ണൂര്‍: നിയമസഭയില്‍ അക്രമം കാണിച്ച് പൊതു മുതല്‍ നശിപ്പിച്ച മന്ത്രിയും മുന്‍ എം എല്‍ എമാരും ഇന്നല്ലെങ്കില്‍ നാളെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. നിയമസഭയില്‍ അക്രമം നടത്തിയ സംഭവത്തില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വി ശിവന്‍ കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ അക്രമം നടത്തിയ കേസില്‍ പ്രതിയായ മന്ത്രി ശിവന്‍കുട്ടി കോടതി വിധിക്ക് ശേഷം പറയുന്നു തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് ഇത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു അക്രമ കേസില്‍ വിചാരണ നേരിടുമ്പോള്‍ പലരും താന്‍ അക്രമ സംഭവം നടക്കുമ്പോള്‍ ഉണ്ടായിട്ടില്ലെന്നാണ് പറയാറ്. ഇതിന് ഉപോല്‍ബലകമായ തെളിവുകള്‍ അവര്‍ ഉണ്ടാക്കി കോടതിയില്‍ സമര്‍പ്പിക്കും. പലപ്പോഴും അത്തരം സംഭവങ്ങളില്‍ പ്രതികള്‍ രക്ഷപ്പെട്ടിരിക്കും അതുപോലെയാണോ നിയമസഭയില്‍ അക്രമം കാണിച്ച മന്ത്രിയും മുന്‍ എം എല്‍എ മാരും. ലോകത്തിലെ മുഴുവന്‍ മലയാളികളും നേരിട്ട് കണ്ടതാണ് ശിവന്‍കുട്ടിയും മറ്റും അക്രമം നടത്തുന്നത്. ഈ തെളിവ് പോരെ കോടതിക്ക് ശിക്ഷ വിധിക്കാന്‍. പാച്ചേനി ചോദിച്ചു.
കേരളത്തിലെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ക്രിമിനലുകള്‍ക്ക് തണലൊരുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കൊലപാതകികള്‍ക്കും അക്രമികള്‍ക്കും സര്‍വ്വ പിന്തുണയും നല്‍കുന്ന പിണറായിക്ക് പക്ഷെ നിയമസഭയില്‍ അക്രമം കാണിച്ചവരെ നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കില്ല. നാല് കോടതിയില്‍ പോയിട്ടും വിചാരണ നേരിടണമെന്ന ഉത്തരവല്ലാതെ അവര്‍ക്ക് പരിരക്ഷ നല്‍കുന്ന ഒരു ഉത്തരവും ഉണ്ടായിട്ടില്ലെന്നിരിക്കെ എന്തിന്റെ ബലത്തിലാണ് നിരപരാധിത്വം തെളിയിക്കുമെന്ന് പറയുന്നതെന്ന് പാച്ചേനി ചോദിച്ചു.

ചടങ്ങിൽ ഡിസിസി വൈസ് പ്രസിഡന്റ് വി.വി പുരുഷോത്തമന്‍ അധ്യക്ഷതവഹിച്ചു.
കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ വി എ നാരായണന്‍, അഡ്വ. മാര്‍ട്ടിന്‍ജോര്‍ജ്ജ്,
സജീവ് മാറോളി,മേയര്‍ അഡ്വ. ടി ഒ മോഹനന്‍,
കെ പി സി സി സെക്രട്ടറിമാരായ ചന്ദ്രൻ തില്ലങ്കേരി,ഡോ. കെ വി ഫിലോമിന, മുന്‍ എം.എൽ എ പ്രൊഫ, എ ഡി മുസ്തഫ, നേതാക്കളായ എന്‍ പി ശ്രീധരന്‍, കെ സി മുഹമ്മദ് ഫൈസല്‍, സി ടി ഗിരിജ, തുടങ്ങിയവർ പ്രസംഗിച്ചു.കെ.പി.സാജു,സുരേഷ് ബാബു എളയാവൂർ,കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം.പി വേലായുധന്‍,
രജിത്ത് നാറാത്ത്, റഷീദ് കവ്വായി, സി വി.സന്തോഷ്, എം.കെ.മോഹനൻ,ടി.ജയകൃഷ്ണൻ , രാജീവൻ എളയാവൂർ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: